പ്രസവാനന്തര വിഷാദം കുട്ടിയുടെ കസ്റ്റഡി അമ്മക്ക് നല്‍കാതിരിക്കാനുള്ള സ്ഥിരം ന്യായമാവരുത്: ഹൈക്കോടതി

'' പ്രസവാനന്തര വിഷാദം ഒരു സാധാരണ സംഭവമാണ്. അങ്ങനെയാണ് ശാസ്ത്രീയപഠനങ്ങള്‍ പറയുന്നത്. ഭൂരിപക്ഷം കേസുകളിലും അത് താല്‍ക്കാലികവുമാണ്.'' കോടതി ചൂണ്ടിക്കാട്ടി.

Update: 2024-11-16 02:34 GMT

കൊച്ചി: ഒരിക്കലുണ്ടായ പ്രസവാനന്തര വിഷാദം കുട്ടിയുടെ കസ്റ്റഡി അമ്മക്ക് നല്‍കാതിരിക്കാനുള്ള സ്ഥിരമായ കാരണമല്ലെന്ന് ഹൈക്കോടതി. മാനസിക പ്രശ്‌നങ്ങളുള്ളതിനാല്‍ കുട്ടിയുടെ കസ്റ്റഡി അമ്മക്ക് നല്‍കാന്‍ കഴിയില്ലെന്ന കുടുംബകോടതി വിധി റദ്ദാക്കിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ അഥവാ പ്രസവാനന്തര വിഷാദം സ്ഥിരമായ മാനസികപ്രശ്‌നമല്ലെന്ന് വിധിയില്‍ കോടതി വ്യക്തമാക്കി. കുട്ടിയുടെ അമ്മക്ക് വിഷാദം തുടരുന്നുണ്ടോ എന്ന കാര്യം ഇടക്കിടെ പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

'' പ്രസവാനന്തര വിഷാദം ഒരു സാധാരണ സംഭവമാണ്. അങ്ങനെയാണ് ശാസ്ത്രീയപഠനങ്ങള്‍ പറയുന്നത്. ഭൂരിപക്ഷം കേസുകളിലും അത് താല്‍ക്കാലികവുമാണ്.'' കോടതി ചൂണ്ടിക്കാട്ടി.

ഒരു വയസ് പ്രായമുള്ള കുട്ടിയുടെ കസ്റ്റഡി ഭാര്യക്ക് നല്‍കുന്നതിനെ ചോദ്യം ചെയ്ത് യുവാവ് കുടുംബകോടതിയെ സമീപിച്ചതോടെയാണ് കേസ് തുടങ്ങുന്നത്. ഭാര്യക്ക് പ്രസവാനന്തര വിഷാദം അടക്കമുള്ള മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നും യുവാവ് ചൂണ്ടിക്കാട്ടി. ഇത് പരിഗണിച്ച കുടുംബകോടതി കുട്ടിയുടെ കസ്റ്റഡി സ്ഥിരമായി യുവാവിന് നല്‍കുകയായിരുന്നു.

ഇതിനെ ചോദ്യം ചെയ്തു ഭാര്യയാണ് ഹൈക്കോടതിയെ സമീപിച്ചത്. തനിക്ക് ഇപ്പോള്‍ മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്നും എന്തു പരിശോധനക്കും തയ്യാറാണെന്നും അവര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന്, എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ ബോര്‍ഡ് കോടതി രൂപീകരിച്ചു. കുട്ടിയുടെ അമ്മക്ക് മാനസിക പ്രശ്‌നങ്ങള്‍ നിലവില്‍ ഇല്ലെന്നാണ് ബോര്‍ഡ് കണ്ടെത്തിയത്. തുടര്‍ന്നാണ് കുടുംബകോടതി വിധി ഹൈക്കോടതി റദ്ദാക്കിയത്. കേസ് പുതിയ മെഡിക്കല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ പുനപരിശോധിക്കാനും കുടുംബകോടതിക്ക് നിര്‍ദേശം നല്‍കി.

Tags:    

Similar News