ഇസ്ലാം വിദ്വേഷത്തിനെതിരെ നീതിയുടെ പ്രയോഗമാതൃക തീർക്കുക –ജമാഅത്തെ ഇസ്ലാമി ഹിന്ദ്
ഹൈദരാബാദ്: ജമാഅത്തെ ഇസ്ലാമി അംഗങ്ങളുടെ ത്രിദിന ദേശീയ സമ്മേളനത്തിന് തുടക്കമായി.നീതിയുടെ പ്രഭാഷണമല്ല, പ്രയോഗമാണ് സമൂഹത്തിന് ആവശ്യമെന്നും ഇസ്ലാംഭീതിയുടെ കാലത്ത് ഇസ്ലാമിന്റെ സന്തുലിതവും നീതിനിഷ്ഠവുമായ സാമൂഹികക്രമത്തിന്റെ മാതൃകകൾ സമർപ്പിക്കാൻ ജമാഅത്തെ ഇസ്ലാമി പ്രതിജ്ഞാബദ്ധമാണെന്നും ഹൈദരാബാദ് പഹാഡി ശരീഫിലെ വാദിഹുദ നഗരിയിൽ ആരംഭിച്ച സമ്മേളനത്തിൽ നേതാക്കൾ വ്യക്തമാക്കി.
ആക്രമികളായ സ്വേച്ഛാധിപതികളും അവരുടെ പിണിയാളുകളും സൃഷ്ടിച്ച കുടിലതയുടെയും ഭീകരതയുടെയും കരാളതയിലൂടെ ലോകം കടന്നുപോകുമ്പോഴും ഇച്ഛാശക്തിയുടെയും ആത്മാഭിമാനത്തിന്റെയും വീരഗാഥകൾ സൃഷ്ടിച്ച് ആക്രമണത്തിനെതിരായി എങ്ങും സജീവമാകുന്ന ചെറുത്തുനിൽപുകൾ ആവേശദായകമാണെന്ന് പരിപാടിയിൽ മുഖ്യപ്രഭാഷണം നിർവഹിച്ച ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അമീർ സയ്യിദ് സആദത്തുല്ല ഹുസൈനി അഭിപ്രായപ്പെട്ടു.
ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ സെക്രട്ടറി ജനറൽ ടി. ആരിഫലി റിപ്പോർട്ട് അവതരിപ്പിച്ചു. ദേശീയ സെക്രട്ടറി മൗലാന മുഹ്യിദ്ദീൻ ഗാസി ഖുർആൻ ക്ലാസെടുത്തു. സമ്മേളന കൺവീനർ അബ്ദുൽ ജബ്ബാർ സിദ്ദീഖി സ്വാഗതം പറഞ്ഞു.
ലീഡർഷിപ് സെഷനിൽ പട്ടേൽ മുഹമ്മദ് യൂസുഫ് (തമിഴ്നാട്), ഡോ. താഹാ മതീൻ (കർണാടക), അസി.സെക്രട്ടറി വാസിഖ് നദീം, ദേശീയ സമിതി അംഗങ്ങളായ ഡോ. എം. അബ്ദുസ്സലാം, ഡോ. എസ്.ക്യു.ആർ ഇൽയാസ് എന്നിവർ സംസാരിച്ചു. ജുമുഅ നമസ്കാരത്തിന് മഹാരാഷ്ട്ര അമീർ മൗലാന ഇൽയാസ് ഖാൻ ഫലാഹി നേതൃത്വം നൽകി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 15000ത്തോളം അംഗങ്ങൾ പങ്കെടുക്കുന്ന സമ്മേളനം ഞായറാഴ്ച സമാപിക്കും.