മരോട്ടിച്ചാല്‍ പാലത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര നടപടി: മന്ത്രി കെ രാജന്‍

Update: 2021-11-07 00:58 GMT

തൃശൂര്‍: ശക്തമായ മഴയില്‍ കേടുപാടുകള്‍ സംഭവിച്ച മരോട്ടിച്ചാല്‍ പാലത്തിന്റെ സുരക്ഷ അടിയന്തരമായി ഉറപ്പു വരുത്തുമെന്നും കുറഞ്ഞ സമയത്തിനുള്ളില്‍ പുതുക്കിപ്പണിയാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും റവന്യൂ മന്ത്രി കെ രാജന്‍. പാലം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു റവന്യൂ മന്ത്രി.

കേരള റോഡ് ഫണ്ട് ബോര്‍ഡ്, എല്‍ എസ് ജി എഞ്ചിനീയര്‍, പി ഡബ്ല്യൂഡി എഞ്ചിനീയര്‍ എന്നിവരോട് സംയുക്തമായി പാലത്തിന്റെ സുരക്ഷ പരിശോധിച്ച് ഞായറാഴ്ച വൈകിട്ടോടെ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വാഹന നിയന്ത്രണം സംബന്ധിച്ച ഉത്തരവ് കലക്ടര്‍ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.

താല്‍ക്കാലികമായി പാലത്തിന്റെ ഇരുവശവും കെട്ടി സുരക്ഷ ഉറപ്പാക്കും. അടിയന്തര പ്രധാന്യം നല്‍കി പാലത്തിന്റെ താല്‍ക്കാലിക സുരക്ഷ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. അതിന് ശേഷം പാലം പൂര്‍ണമായും പുനര്‍നിര്‍മിക്കാന്‍ ഫണ്ട് കണ്ടെത്തും.

ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ മന്ത്രിയോടെപ്പം പാലം സന്ദര്‍ശിച്ചു. പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Similar News