'എൻഐഎ 20 ലക്ഷം പാരിതോഷികം നൽകും'; രാമേശ്വരം കഫേ സ്ഫോടനക്കേസ് പ്രതികൾ ഇപ്പോഴും കാണാമറയത്ത്
ബെംഗളൂരു: ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ പ്രതികൾ ഇപ്പോഴും കാണാമറയത്ത്. സംഭവം നടന്ന് ഇത്രയും ദിവസമായിട്ടും എൻഐഎക്ക് പ്രതികളിലേക്കെത്താനായില്ല. പ്രതികളെക്കുറിച്ച് കുറിച്ച് വിവരം നൽകുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. മുസാവിർ ഷാസിബിനെയും അബ്ദുൾ മതീൻ അഹമ്മദ് താഹയെയും കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ വീതം പാരിതോഷികമായി നൽകുമെന്നാണ് എൻഐഎ അറിയിച്ചത്. മുസാവിർ ഷാസിബി രാമേശ്വരം കഫേയിൽ സ്‌ഫോടക വസ്തു വെച്ചുവെന്നും അബ്ദുൾ മതീൻ അഹമ്മദ് താഹ ഗൂഢാലോചന നടത്തിയെന്നുമാണ് എൻഐഎ ആരോപണം. ഇരുവരും 2020ലെ തീവ്രവാദക്കേസിലെ പ്രതികളാണ്. സംശയമുള്ളവരെ കുറിച്ച് വിവരം ലഭിക്കുന്നവർ info.blr.nia@gov.in എന്ന ഇ-മെയിൽ വഴി ഏജൻസിയുമായി ബന്ധപ്പെടാം. വിവരം നൽകുന്നയാളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും എൻഐഎ അറിയിച്ചു.