എന്‍ഐഎ, ഇഡി അന്യായ റെയ്ഡ് 10 ലധികം സംസ്ഥാനങ്ങളിലെ പോപുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍

Update: 2022-09-22 04:17 GMT

ന്യൂഡല്‍ഹി: എന്‍ഐഎയുടെയും ഇഡിയുടെയും അന്യായ റെയ്ഡ് നടക്കുന്നത് രാജ്യത്തെ 10ലേറെ സംസ്ഥാനങ്ങളിലെ പോപുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും. പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു റെയ്ഡ്. കേരളത്തില്‍ ദേശീയ ചെയര്‍മാന്‍ ഒ എം എ സലാം, മുന്‍ ചെയര്‍മാന്‍ ഇ അബൂബക്കര്‍, ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരം, ദേശീയ സമിതി അംഗം പ്രഫ. പി കോയ, സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍, സംസ്ഥാന സമിതി അംഗം യഹിയാ തങ്ങള്‍, പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദ് തുടങ്ങിയവരുടെ വീടുകളില്‍ കേന്ദ്ര ഏജന്‍സികള്‍ പരിശോധന നടത്തി.

മീഞ്ചന്തയിലെ സംസ്ഥാന കമ്മിറ്റി ഓഫിസിലും പുത്തനത്താണിയിലെ ഓഫിസിലും മാനന്തവാടിയിലെ ഓഫിസിലും റെയ്ഡ് നടന്നു. കേരളത്തിന് പുറമെ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിലും കേന്ദ്ര ഏജന്‍സികള്‍ റെയ്ഡ് നടത്തുന്നുണ്ട്. തമിഴ്‌നാട്ടില്‍ ചെന്നൈയിലെ സംസ്ഥാന കമ്മിറ്റി ഓഫിസിലും കോയമ്പത്തൂര്‍, കടലൂര്‍, തെങ്കാശി, തേനി തുടങ്ങിയ ഇടങ്ങളിലെ ഓഫിസുകളിലും പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലുമാണ് റെയ്ഡ്. കഴിഞ്ഞ ദിവസങ്ങളില്‍ തെലങ്കാന, ഗുജറാത്തിലെ അഹമ്മദാബാദ് ഉള്‍പ്പെടെയുള്ള ഇടങ്ങളിലെ ഓഫിസുകളിലും റെയ്ഡ് നടത്തിയിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും റെയ്ഡുമായി എന്‍ഐഎയും ഇഡിയും രംഗത്തെത്തിയത്.

പോപുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി നാസറുദ്ദീന്‍ എളമരം, തൃശൂരില്‍ സംസ്ഥാന സമിതി അംഗം യഹിയാ തങ്ങള്‍, ദേശീയ സമിതി അംഗം പ്രഫ.പി കോയ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കസ്റ്റഡിയിലാണ്. സിആര്‍പിഎഫ്, സിഐഎസ്എഫ് സംഘത്തിന്റെ അകമ്പടിയിലാണ് പരിശോധന നടത്തുന്നത്. പരിശോധന നടപടികള്‍ ഭരണകൂട ഭീകരതയുടെ ഭാഗമാണെന്നും ശക്തമായി പ്രതിഷേധിക്കുന്നതായും പോപുലര്‍ ഫ്രണ്ട് കേന്ദ്രങ്ങള്‍ അറിയിച്ചു.

കേന്ദ്ര ഏജന്‍സികളുടെ ഭരണകൂട വേട്ടയ്‌ക്കെതിരേ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്. അര്‍ധരാത്രി തുടങ്ങിയ റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പറഞ്ഞു. ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്കെതിരേ ശക്തമായി പ്രതിഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Similar News