അലന്‍-താഹ കേസില്‍ എന്‍ഐഎ സമ്മര്‍ദ്ദം: കേരള സര്‍ക്കാര്‍ ഇടപെടണം
വ്യാജ കേസുകള്‍ കെട്ടിച്ചമച്ചു യുവരാഷ്ട്രീയ പ്രവര്‍ത്തകരെ ഉന്മൂലനം ചെയ്യാനുള്ള ഭരണകൂടത്തിന്റെ ഗൂഢാലോചന പൂര്‍ണമായും മറനീക്കിക്കാണിക്കുന്ന സംഭവങ്ങളാണ് എന്‍ഐഎ കോടതിയില്‍ നടന്നതെന്ന് അലന്‍- താഹ മനുഷ്യാവകാശസമിതി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി
കോഴിക്കോട്: മാവോവാദി പ്രവര്‍ത്തകര്‍ എന്ന് മുദ്ര കുത്തി അറസ്റ്റ് ചെയ്ത കേസില്‍ മാപ്പുസാക്ഷിയാകാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുന്നതായും എറണാകുളത്തെ ജയില്‍ ഉദ്യോഗസ്ഥര്‍ അതിനു കൂട്ടു നില്‍ക്കുന്നതായും എന്‍ഐഎ കോടതിയില്‍ കഴിഞ്ഞ ദിവസം അലന്‍ ഷുഹൈബ് നടത്തിയ വെളിപ്പെടുത്തല്‍ അങ്ങേയറ്റം ഉത്കണ്ഠയുളവാക്കുന്നതാണ്. വ്യാജ കേസുകള്‍ കെട്ടിച്ചമച്ചു യുവരാഷ്ട്രീയ പ്രവര്‍ത്തകരെ ഉന്മൂലനം ചെയ്യാനുള്ള ഭരണകൂടത്തിന്റെ ഗൂഢാലോചന പൂര്‍ണമായും മറനീക്കിക്കാണിക്കുന്ന സംഭവങ്ങളാണ് എന്‍ഐഎ കോടതിയില്‍ നടന്നത്. തുടര്‍ന്ന് ജയില്‍ സൂപ്രണ്ട് പുറപ്പെടുവിച്ച ആരോപണ പ്രസ്താവനയെയും പ്രതികാര നടപടിയായേ കാണാനാവൂ.
കേസില്‍ സുഹൃത്തിനെ ഒറ്റുകൊടുക്കാന്‍ പാകത്തില്‍ വ്യാജ മൊഴി നല്കാന്‍ തന്റെ മേല്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തുന്നതായാണ് കോടതിയില്‍ അലന്‍ വെളിപ്പെടുത്തിയത്. നിയമവ്യവസ്ഥയെ അട്ടിമറിക്കാനുള്ള നീക്കം ഔദ്യോഗിക ഏജന്‍സികള്‍ തന്നെ നടത്തുന്നു എന്നതിന് തെളിവാണിത്. അലനെയും താഹയെയെയും വെവ്വേറെ ജയിലില്‍ പാര്‍പ്പിക്കണമെന്ന ആവശ്യവും കേസില്‍ കള്ളത്തെളിവ് ഉണ്ടാക്കാനുള്ള ഗൂഢാലോചനയുടെ തെളിവാണ്.
ഗുരുതരമായ മറ്റൊരു പ്രശ്‌നം, എറണാകുളത്തെ ജയിലില്‍ ഇത്തരം സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്കു ഒരു വിചാരണത്തടവുകാരനെ വിധേയനാക്കാന്‍ ജയില്‍ അധികാരികള്‍ കൂട്ടുനിന്നു എന്ന വസ്തുതയാണ്. ജയില്‍ ഡിജിപി ഋഷിരാജ് സിങ് ഇറക്കിയ പ്രസ്താവനയില്‍ വിചാരണയില്‍ ഇരിക്കുന്ന തടവുകാര്‍ക്കെതിരേ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ ജയില്‍ അധികാരികള്‍ പോലിസിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നു എന്നതിന് തെളിവ് നല്‍കുന്നു. ജയിലില്‍ അച്ചടക്കം പാലിക്കുന്നതിന് നിയതമായ ചട്ടങ്ങളും വ്യവസ്ഥകളുമുണ്ട്. അത് പാലിക്കുന്നതിന് പകരം, പോലിസ്എന്‍ഐഎ ഗൂഢനീക്കങ്ങളെ കോടതിക്ക് മുന്നില്‍ തുറന്നു കാണിച്ച യുവാക്കള്‍ക്കെതിരേ പുതിയ ആരോപണങ്ങള്‍ കൊണ്ടുവരാനാണ് ജയില്‍ ഡിജിപി ശ്രമിക്കുന്നത്. ആറു മാസത്തിലേറെ മറ്റു ജയിലുകളില്‍ കഴിയുമ്പോഴൊന്നും അലനെയും താഹയെയും കുറിച്ച് ഇത്തരം പരാതികളുയര്‍ന്നിട്ടില്ല. എറണാകുളം ജയിലില്‍ മാത്രം എന്താണു സംഭവിച്ചതെന്നതില്‍ പൊതു സമൂഹത്തിനും ഉത്ക്കണ്ഠയുണ്ട്.
ഇത്തരം ഹീനവും നിയമ വിരുദ്ധവുമായ നടപടികളില്‍ നിന്ന് അധികാരികള്‍ പിന്തിരിയണം. കേസില്‍ ഇന്നുവരെ ഒരു തെളിവും ഹാജരാക്കാന്‍ രണ്ടു പേരെയും ആദ്യം അറസ്റ്റ് ചെയ്ത കേരളാ പോലിസിനോ പിന്നീട് കേസ് ഏറ്റെടുത്ത എന്‍ഐഎയ്‌ക്കോ സാധ്യമായിട്ടില്ല. തീര്‍ത്തും ഹീനമായ തരത്തിലുള്ള മനുഷ്യാവകാശലംഘനവും നിയമസംവിധാനത്തെ അട്ടിമറിക്കുന്ന പ്രക്രിയയുമാണ് കേസില്‍ ഇപ്പോള്‍ അരങ്ങേറുന്നത്. ഇത് രാജ്യത്തിനും ജനാധിപത്യ സംവിധാനത്തിനും നാണക്കേടുണ്ടാക്കുന്ന അവസ്ഥയാണ്. കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ജയിലില്‍ ഇത്തരം നിയമ ലംഘനങ്ങള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അനുവദിക്കാന്‍ പാടില്ല.
വിചാരണത്തടവുകാര്‍ക്കെതിരേ വ്യാജതെളിവ് ഉല്പാദന കേന്ദ്രമായി കേരളത്തിലെ ജയിലുകള്‍ മാറാന്‍ പാടില്ല. അതിനാല്‍ അലന്‍ ഷുഹൈബ് എന്‍ഐഎ കോടതിയില്‍ ഉന്നയിച്ച ഗുരുതരമായ ആരോപണത്തിന്റെയും ജയില്‍ ഡിജിപിയുടെ ഏകപക്ഷീയമായ പ്രസ്താവനയുടെയും പശ്ചാത്തലത്തില്‍ എറണാകുളം ജയിലില്‍ നടന്ന സംഭവങ്ങളെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് അലന്‍ താഹ മനുഷ്യാവകാശസമിതി ചെയര്‍മാന്‍ ബി ആര്‍ പി ഭാസ്‌കര്‍, കണ്‍വീനര്‍ ഡോ. ആസാദ് എന്നിവര്‍ കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.