ജമ്മു കശ്മീരില്‍ സിവിലിയന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം എന്‍ഐഎയ്ക്ക്
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ സിവിലിയന്‍മാരെ കൊലപ്പെടുത്തിയ സംഭവം എന്‍ഐഎ അന്വേഷിക്കും. ഈ മാസം മാത്രം പതിനൊന്ന് പേരാണ് ജമ്മു കശ്മീര്‍ സായുധരുടെ വെടിയേറ്റ് മരിച്ചത്. കൊലപാതകത്തില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിഗമനം. അത് പുറത്തുകൊണ്ടുവരാനുള്ള ചുമതലയാണ് കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം എന്‍ഐഎയെ ഏല്‍പ്പിച്ചിരിക്കുന്നത്. നേരത്തെ നാല് കേസുകള്‍ എന്‍ഐഎക്ക് വിടാനാണ് തീരുമാനിച്ചിരുന്നത്. നിലവില്‍ എല്ലാ കേസുകളും ജമ്മു കശ്മീര്‍ പോലിസാണ് അന്വേഷിക്കുന്നത്.
ഞായറാഴ്ചയും ബീഹാറില്‍ നിന്നുള്ള രണ്ട് തൊഴിലാളികളെ സായുധര്‍ വെടിവച്ചുകൊന്നിരുന്നു. രാജാ ഋഷി ദേവ്, യോഗേന്ദ്ര ഋഷിദേവ് എന്നിവരാണ് ഗുല്‍ഗാം ജില്ലയിലെ വന്‍പോയില്‍ വച്ച് വെടിയേറ്റ് മരിച്ചത്. ആ സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
അതിനു തൊട്ടുമുമ്പ് പുല്‍വാമയില്‍ ബീഹാറില്‍ നിന്നുള്ള ഒരു കച്ചവടക്കാരനും യുപിയില്‍ നിന്നുള്ള ആശാരിപ്പണിക്കാരനും കൊല്ലപ്പെട്ടിരുന്നു. അര്‍ബിന്ദ് കുമാര്‍ ഷായും സഗീര്‍ അഹ്മദുമാണ് മരിച്ചത്. പോയിന്റ് ബ്ലാങ്കിലാണ് ഇരുവരെയും വെടിവച്ചത്.
70 വയസ്സുള്ള മഖന്‍ ലാല്‍ ബിന്ദ്രൊയാണ് മരിച്ച മറ്റൊരാള്‍. കശ്മീരി പണ്ഡിറ്റ് വിഭാഗത്തിലെ അംഗമായ അദ്ദേഹം ഒരു ഫാര്‍മസി നടത്തുകയാണ്. ഒക്ടോബര്‍ 5നായിരുന്നു സംഭവം.
അതേ ദിവസം ബന്ദിപോറില്‍ മുഹമ്മദ് ഷാഫി ലോന്‍ എന്ന ടാക്‌സി ഡ്രൈവറും കൊല്ലപ്പെട്ടു. വീരേന്ദ്ര പസ്വാനാണ് അടുത്തയാള്‍, അദ്ദേഹം ബീഹാറില്‍ നിന്നുള്ള ഭക്ഷ്യവില്‍പ്പനക്കാരനാണ്.
ഒക്ടോബര്‍ 7ന് ശ്രീനഗറില്‍ സുപുന്ദര്‍ കൗര്‍, ദീപക് ചന്ദ് എന്നീ രണ്ട് സ്‌കൂള്‍ അധ്യാപകരെ കൊലപ്പെടുത്തി. സുപുന്ദര്‍ കൗര്‍ സിഖുമതക്കാരിയും ദീപക് ഹിന്ദുവുമാണ്.
ഇതുവരെ കൊലചെയ്യപ്പെട്ടവരില്‍ അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഏതെങ്കിലും മതവിഭാഗത്തെ ലക്ഷ്യം വച്ചുള്ള കൊലപാതകങ്ങളായിരുന്നില്ല ഇതുവരെ നടന്നത്. മരിച്ചവരില്‍ ഹിന്ദുക്കളും സിഖുകാരും മുസ് ലിംകളുമുണ്ട്.
സിവിലിയന്‍മാരുടെ മരണത്തോടെ സംസ്ഥാനത്ത് വലിയ ഭീതി വളര്‍ന്നിട്ടുണ്ട്. പുറത്തുനിന്നുള്ള പല സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ജോലി ഉപേക്ഷിച്ചോ ലീവ് എടുത്തോ സംസ്ഥാനം വിട്ടു. ഇതരം സംസ്ഥാന തൊഴിലാളികളും സംസ്ഥാനം വിടാന്‍ തുടങ്ങി.
സംഭവത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് പോലിസ് ഇതുവരെ 900 പേരെ കസ്റ്റഡിയിലെടുത്തു. ദി റസിസ്റ്റന്‍സ് ഫ്രന്റ് ആണ് ആക്രമണത്തിനു പിന്നിലെന്നും അത് ലഷ്‌കര്‍ ഇ ത്വയ്യിബയുടെ ഉപവിഭാഗമാണെന്നും പോലിസ് പറുന്നു.