ഇരിട്ടി നഗരസഭയില്‍ 'നിലാവ്' പദ്ധതി 'അമാവാസി'യായി: എസ്ഡിപിഐ
ഇരിട്ടി, മട്ടന്നൂര്‍, ശിവപുരം എന്നീ സെക്ഷന്‍ പരിധിയിലാണ് ഇരിട്ടി നഗരസഭ സ്ഥിതി ചെയ്യുന്നത്. അതില്‍ 4 വാര്‍ഡുകള്‍ ഉള്‍പ്പെട്ട ശിവപുരം സെക്ഷന്‍ ഇതുവരെ ഇതിന്റെ പ്രാരംഭ പ്രവര്‍ത്തികള്‍ പോലും നടത്തിയിട്ടില്ല.
ഇരിട്ടി: ഇരിട്ടി നഗരസഭയില്‍ ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത 'നിലാവ്' പദ്ധതി ഇപ്പോള്‍ പ്രദേശത്ത് അമാവാസി ആയിരിക്കുകയാണെന്ന് എസ്ഡിപിഐ ഇരിട്ടി മുനിസിപ്പല്‍ കമ്മിറ്റി കുറ്റപ്പെടുത്തി.
ഇരിട്ടി, മട്ടന്നൂര്‍, ശിവപുരം എന്നീ സെക്ഷന്‍ പരിധിയിലാണ് ഇരിട്ടി നഗരസഭ സ്ഥിതി ചെയ്യുന്നത്. അതില്‍ 4 വാര്‍ഡുകള്‍ ഉള്‍പ്പെട്ട ശിവപുരം സെക്ഷന്‍ ഇതുവരെ ഇതിന്റെ പ്രാരംഭ പ്രവര്‍ത്തികള്‍ പോലും നടത്തിയിട്ടില്ല. കഴിഞ്ഞ ഭരണസമിതി തിരഞ്ഞെടുപ്പു മുന്നില്‍ കണ്ടു സ്ഥാപിച്ച 12 ബള്‍ബുകള്‍ക്ക് കേവലം ആഴ്ചകളുടെ ആയുസ് മാത്രമേ ഉണ്ടായുള്ളൂ. അതിന്റെ അറ്റകുറ്റ പണികള്‍ നടത്താന്‍ പോലും ഇപ്പോഴത്തെ ഭരണസമിതി അലംഭാവം കാണിക്കുകയാണ്. നിരവധി തവണ കൗണ്‍സിലര്‍മാര്‍ ഈ വിഷയം ചൂണ്ടിക്കാണിച്ചെങ്കിലും ഇതുവരെ പരിഹാരം ഉണ്ടായിട്ടില്ല.
കൊവിഡ് മഹാമാരി ലോകം മുഴുവന്‍ ഉണ്ടെങ്കിലും സമീപ പഞ്ചായത്തുകള്‍ 'നിലാവ് പദ്ധതി' വളരെ ക്രിയാത്മകമായി നടപ്പിലാക്കിയിട്ടുണ്ട്. എന്നാല്‍ ഇരിട്ടി മുനിസിപ്പാലിറ്റിയില്‍ ഇപ്പോഴും ഈ പദ്ധതി പാതിവഴിയിലാണ്. നഗരസഭയിലെ ചിലവാര്‍ഡുകളിലെ മെയിന്‍ റോഡുകളില്‍ മാത്രം പദ്ധതി പ്രകാരം ബള്‍ബ് സ്ഥാപിച്ചെങ്കിലും ഉള്‍പ്രദേശങ്ങള്‍ തീര്‍ത്തും ഇരുട്ടിലാണ്. മഴക്കാലത്തു വന്യമൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും ശല്യം കാരണം കാല്‍നട യാത്രക്കാര്‍ വളരെ പ്രയാസത്തിലാണ്. എത്രയും പെട്ടെന്ന് സമയബന്ധിതമായി മുഴുവന്‍ വാര്‍ഡുകളിലും പദ്ധതി നടപ്പിലാക്കി പൊതുജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകണം. അല്ലാത്ത പക്ഷം എസ്ഡിപിഐ പൊതുജനങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഇരിട്ടി മുനിസിപ്പല്‍ പ്രസിഡന്റ് തമീം പെരിയത്തില്‍, സെക്രട്ടറി പി ഫൈസല്‍ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.