നിസ്സാന്‍ മേധാവിയുടെ രക്ഷപ്പെടല്‍: പൈലറ്റുമാരെ കോടതി ശിക്ഷിച്ചു
2018 ല്‍ സാമ്പത്തിക ദുരുപയോഗ ആരോപണത്തില്‍ ടോക്കിയോയില്‍ അറസ്റ്റിലായ ഘോസ്ന്‍ വിചാരണ കാത്തിരിക്കുന്നതിനിടെ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.
ഇസ്താംബൂള്‍: സാമ്പത്തിക ദുരുപയോഗ കേസില്‍ പ്രതിയായ മുന്‍ നിസ്സാന്‍ മേധാവി കാര്‍ലോസ് ഘോസ്‌നനെ ഒസാക്കയില്‍ നിന്ന് ഇസ്താംബൂളിലേക്ക് വിമാനത്തില്‍ സ്വകാര്യ വിമാനത്തില്‍ കയറ്റി രക്ഷപ്പെടുത്തിയതിന് വിമാന ജോലിക്കാരെ കോടതി ശിക്ഷിച്ചു. ജപ്പാനില്‍ ജയിലിലായിരുന്ന മേധാവി കാര്‍ലോസ് ഘോസ്‌നനെ രക്ഷപ്പെടാന്‍ സഹായിച്ച രണ്ട് പൈലറ്റുമാരെയും ഒരു സ്വകാര്യ എയര്‍ലൈനിലെ ഉദ്യോഗസ്ഥനെയുമാണ് തുര്‍ക്കി കോടതി ശിക്ഷിച്ചത്. ഇസ്താംബൂളിലെ കോടതി ഓരോരുത്തര്‍ക്കും നാല് വര്‍ഷവും രണ്ട് മാസവും വീതം തടവുശിക്ഷ വിധിച്ചു. പൈലറ്റുമാരായ നോയന്‍ പാസിന്‍, ബഹ്രി കുത്‌ല സോമെക് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.
2018 ല്‍ സാമ്പത്തിക ദുരുപയോഗ ആരോപണത്തില്‍ ടോക്കിയോയില്‍ അറസ്റ്റിലായ ഘോസ്ന്‍ വിചാരണ കാത്തിരിക്കുന്നതിനിടെ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. അദ്ദേഹം പിന്നീട് ഒസാക്കയില്‍ നിന്ന് ഇസ്താംബൂളിലേക്ക് ഒരു സ്വകാര്യ വിമാനത്തില്‍ പറക്കുകയും പിന്നീട് മറ്റൊരു വിമാനത്തില്‍ ബെയ്‌റൂട്ടിലേക്ക് പോകുകയും ചെയ്തു.
ഫ്രഞ്ച്, ലെബനീസ്, ബ്രസീലിയന്‍ പൗരത്വമുള്ള ഘോസ്ന്‍ 20 വര്‍ഷമായി ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസ്സാന്റെ തലവനായിരുന്നു. വ്യക്തിഗത ആസ്തിക്കായി കമ്പനി സ്വത്തുക്കള്‍ ദുരുപയോഗം ചെയ്തു, നഷ്ടം പൂര്‍ണ്ണമായും വെളിപ്പെടുത്താത്തതില്‍ സെക്യൂരിറ്റീസ് നിയമങ്ങള്‍ ലംഘിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് 66 കാരനായ ഘോസ്‌നനെ അറസ്റ്റു ചെയ്തത്.