നിസാന്‍ മുന്‍ മേധാവി കാര്‍ലോസ് ഗോസന്‍ വീണ്ടും അറസ്റ്റില്‍
സമാന കുറ്റത്തിനു അറസ്റ്റിലായി 100 ലേറെ ദിവസം ജയിലില്‍ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങിയ 65കാരനായ ഗോസനെ പുതിയ കേസ് ചുമത്തിയാണ് അറസ്റ്റ് ചെയ്തിട്ടുള്ളതെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
ടോക്കിയോ: നിസാന്‍ ഓട്ടോമൊബൈല്‍സ് കമ്പനി മുന്‍ മേധാവി കാര്‍ലോസ് ഗോസനെ സാമ്പത്തിക ക്രമക്കേട് കാണിച്ചെന്ന കുറ്റം ചുമത്തി വീണ്ടും അറസ്റ്റ് ചെയ്തു. നേരത്തേ, സമാന കുറ്റത്തിനു അറസ്റ്റിലായി 100 ലേറെ ദിവസം ജയിലില്‍ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങിയ 65കാരനായ ഗോസനെ പുതിയ കേസ് ചുമത്തിയാണ് അറസ്റ്റ് ചെയ്തിട്ടുള്ളതെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. സെന്‍ട്രല്‍ ടോക്കിയോയിലെ താല്‍ക്കാലിക താമസസ്ഥലത്തെത്തി വ്യാഴാഴ്ച അതിരാവിലെയാണ് അറസ്റ്റ് ചെയ്തത്.കെട്ടിടത്തിലെ കാര്‍ പാര്‍ക്കിങ് കേന്ദ്രത്തില്‍ ഒരു പോലിസുകാരന്‍ പട്രോളിങ് നടത്തുകയും ഇരുണ്ട വേഷധാരികളായ മൂന്നുപേര്‍ വീട്ടിലേക്ക് പ്രവേശിക്കുകയും ചെയ്തതായി ഗോസന്റെ വീട്ടുപരിസരത്തുണ്ടായിരുന്ന എഎഫ്പി ലേഖകന്‍ വ്യക്തമാക്കി. നിസാന്‍ കമ്പനിയുടെ 32 മില്യന്‍ തുക അനധികൃതമായി ഒമാനിലെ വിതരണക്കാരനു കൈമാറിയെന്നാണ് ഇദ്ദേഹത്തിനെതിരായ ആരോപണം. തുക ഉപയോഗിച്ച് ഗോസനും കുടുംബത്തിനും ആഢംബര ബോട്ട് വാങ്ങാന്‍ ഉപയോഗിച്ചെന്നാണു ആരോപണം. പുതിയ പരാതി ഉള്‍പ്പെടെ ഗോസനെതിരേ സാമ്പത്തിക ക്രമക്കേട് സംബവന്ധിച്ച മൂന്ന് കേസുകളാണുള്ളത്. ആരോപണങ്ങള്‍ നിഷേധിച്ച ഗോസന്‍, ഏപ്രില്‍ 11ന് വാര്‍ത്താസമ്മേളനം നടത്തുമെന്നും സത്യം വെളിപ്പെടുത്തുമെന്നും പുതുതായി തുടങ്ങിയ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇംഗ്ലീഷിലും ജാപ്പനീസ് ഭാഷയിലും ബുധനാഴ്ച അറിയിച്ചതിനു പിന്നാലെയാണ് അറസ്റ്റ് എന്നതും ശ്രദ്ധേയമാണ്.
ഇക്കഴിഞ്ഞ നവംബര്‍ 19ന് അറസ്റ്റിലായ ഗോസന് കഴിഞ്ഞ മാസം ഏഴിനാണ് ടോക്കിയോ കോടതി ജാമ്യം ലഭിച്ചത്. 90 ലക്ഷം അമേരിക്കന്‍ ഡോളര്‍ കെട്ടിവയ്ക്കണമെന്നും ജപ്പാന്‍ വിടരുതെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരുന്നത്. ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഡിറ്റന്‍ഷന്‍ സെന്ററില്‍ കഴിയുന്ന ഗോസനെതിരേ വീണ്ടും കേസെടുത്തതോടെ മോചനം നീളുകയാണ്. ശമ്പള വിവരങ്ങള്‍ മറച്ചുവച്ചു, കമ്പനി സ്വത്ത് സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു തുടങ്ങിയ ആരോപണങ്ങളെ തുടര്‍ന്ന് നിസാന്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഇദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. എന്നാല്‍, കമ്പനി താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാലാണ് കേസ് ചുമത്തിയതെന്നാണു സൂചന.