സ്പുട്‌നിക് 5 അടുത്ത ആഴ്ചയോടെ രാജ്യത്ത് ലഭ്യമാവുമെന്ന് നിതി ആയോഗ്

Update: 2021-05-13 14:42 GMT

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ ക്ഷാമം രാജ്യത്തെ ഉലയ്ക്കുന്നതിനിടയില്‍ പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയുമായി നിതി ആയോഗ്. റഷ്യന്‍ നിര്‍മിത സ്പുട്‌നിക് 5 അടുത്ത ആഴ്ച മുതല്‍ രാജ്യത്ത് വിതരണം ആരംഭിക്കുമെന്ന് നിതി ആയോഗ് ആരോഗ്യവിഭാഗം അംഗം ഡോ. വി കെ പോള്‍ അറിയിച്ചു.

സ്പുട്‌നിക് വാക്‌സിന്‍ ആഴ്ചകള്‍ക്കു മുമ്പു തന്നെ രാജ്യത്തെത്തിയിരുന്നു. ഉപയോഗിക്കുന്നതിനുള്ള അനുമതിയും ലഭിച്ചിരുന്നു. അടുത്ത ജൂലൈ മുതല്‍ വാക്‌സിന്റെ ഉല്‍പാദനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

രാജ്യത്ത് വിറ്റഴിക്കാന്‍ അനുമതിയുള്ള കൊവിഡ് വാക്‌സിനുകളിലൊന്നാണ് സ്പുട്‌നിക്ക് 5. കൊവിഡീല്‍ഡും കൊവാക്‌സിനുമാണ് മറ്റ് രണ്ട് വാക്‌സിനുകള്‍.

ആസ്ട്രസെനക്കയും ഓക്‌സ്ഫഡും സംയുക്തമായാണ് കൊവിഷീല്‍ഡ് വികസിപ്പിച്ചത്. കൊവാസ്‌കിന്‍ ഭാരത് ബയോടെക്കും വികസിപ്പിച്ചു. കൊവിഷീല്‍ഡ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഉല്‍പാദിപ്പിക്കുന്നത്.

ആഗസ്റ്റിനും ഡിസംബറിനുമിടയില്‍ രാജ്യത്ത് 216 കോടി ഡോസ് വാക്‌സിന്‍ നിര്‍മിക്കാനാണ് പദ്ധതി. പുതിയ നിലപാടനുസരിച്ച് ലോകാരോഗ്യസംഘടന അനുമതി നല്‍കിയ വാക്‌സിനുകള്‍ക്ക് ഇന്ത്യയില്‍ വില്‍പ്പനാനുമതി നല്‍കും. ആവശ്യപ്പെടുകയാണെങ്കില്‍ ഇറക്കുമതി ലൈസന്‍സ് ഒന്നോ രണ്ടോ ദിവസത്തിനുള്ളിലും നല്‍കും. 

ഫൈസര്‍, മൊഡേര്‍ണ, ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ എന്നി കമ്പനികളുമായി സര്‍ക്കാര്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ അതിനുള്ള സഹായവും സര്‍ക്കാര്‍ നല്‍കും.

Tags:    

Similar News