സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക്; കൊവിഡ് രോഗിയെ അഡ്മിറ്റ് ചെയ്യുമ്പോള്‍ അഡ്വാന്‍സ് തുക ഈടാക്കരുതെന്ന് മുഖ്യമന്ത്രി
അമിത നിരക്ക് ഈടാക്കിയാല്‍ നടപടി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് രോഗിയെ അഡ്മിറ്റ് ചെയ്യുമ്പോള്‍ അഡ്വാന്‍സ് തുക ഈടാക്കരുതെന്ന് മുഖ്യമന്ത്രി. കൊവിഡ് മാനേജ്‌മെന്റിനായി സര്‍ക്കാര്‍ പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും സര്‍ക്കുലറുകളും മാര്‍ഗ നിര്‍ദേശങ്ങളും മുഴുവന്‍ സ്വകാര്യ ആശുപത്രികളും കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എന്‍.എ.ബി.എച്ച്. അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികള്‍ക്കും അക്രഡിറ്റേഷനുള്ള ആശുപത്രികളേയും തരംതിരിച്ചാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. എന്‍.എ.ബി.എച്ച്. അക്രഡിറ്റേഷനില്ലാത്ത ആശുപത്രികളിലെ ജനറല്‍ വാര്‍ഡ് 2645 രൂപ, എച്ച്.ഡി.യു. 3795 രൂപ, ഐ.സി.യു. 7800 രൂപ, വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള ഐ.സി.യു. 13,800 രൂപ എന്നിങ്ങനേയാണ് നിരക്കുകള്‍. എന്‍.എ.ബി.എച്ച്. അക്രഡിറ്റേഷനുള്ള ആശുപത്രികളിലെ ജനറല്‍ വാര്‍ഡ് 2910 രൂപ, എച്ച്.ഡി.യു. 4175 രൂപ, ഐ.സി.യു. 8580 രൂപ, വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള ഐ.സി.യു. 15,180 എന്നിങ്ങനേയാണ് നിരക്കുകള്‍ നിശ്ചയിച്ചിട്ടുള്ളത്.
രജിസ്‌ട്രേഷന്‍ ചാര്‍ജ്, ബെഡ് ചാര്‍ജുകള്‍, നഴ്‌സിങ് ആന്റ് ബോര്‍ഡിങ് ചാര്‍ജുകള്‍, ശസ്ത്രക്രിയാ വിദഗ്ധര്‍, അനസ്‌തെറ്റിസ്റ്റുകള്‍, മെഡിക്കല്‍ പ്രാക്ടീഷണര്‍, കണ്‍സള്‍ട്ടന്റ് ചാര്‍ജുകള്‍, അനസ്‌തേഷ്യ, ബ്ലഡ് ട്രാന്‍ഫ്യൂഷന്‍, ഓക്‌സിജന്‍, മരുന്നുകള്‍, അത്യാവശ്യ പരിശോധനകളായ എക്‌സ്‌റേ, യു.എസ്.ജി., ഹെമറ്റോളജി, പാത്തോളജി, പ്രീ ആന്റ് പോസ്റ്റ് ഹോസ്പിറ്റലൈസേഷന്‍ ചെലവുകള്‍ എന്നിവ ഉള്‍പ്പെടെയാണ് ഈ നിരക്കുകള്‍.
ഹൈ എന്‍ഡ് പരിശോധനകളായ സി.ടി. ചെസ്റ്റ്/ എച്ച്.ആര്‍.സി.ടി. ചെസ്റ്റ്, എന്നിവയെയും റെംഡെസിവിര്‍, ടൊസിലിസ്മാബ് തുടങ്ങിയ വിലകൂടിയ മരുന്നുകളെയും പിപിഇ കിറ്റിനെയും പ്രതിദിന നിരക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇവയ്ക്ക് എം.ആര്‍.പിയില്‍ അധികരിക്കാതെയുള്ള തുക മാത്രമേ ഈടാക്കാന്‍ പാടുള്ളൂ എന്ന കര്‍ശന വ്യവസ്ഥയുണ്ട്. ഒരുദിവസം ജനറല്‍ വാര്‍ഡില്‍ രണ്ട് പി.പി.ഇ. കിറ്റുകള്‍ക്കും ഐ.സി.യു.വില്‍ 5 പി.പി.ഇ. കിറ്റുകള്‍ക്കും തുക ഈടാക്കും.
പി.പി.ഇ. കിറ്റ്, പള്‍സ് ഓക്‌സിമീറ്റര്‍, മാസ്‌കുകള്‍, പോര്‍ട്ടബിള്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ എന്നിവയ്ക്ക് അമിതവില ഈടാക്കാന്‍ പാടില്ല. അത്തരക്കാര്‍ക്കെതിരെ ജില്ലാ കലക്ടര്‍ നടപടികള്‍ സ്വീകരിക്കും.
ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമ പ്രകാരം എല്ലാ ആശുപത്രികളും രോഗികളില്‍ നിന്നും ഈടാക്കുന്ന നിരക്കുകള്‍ ആശുപത്രിയിയ്ക്കകത്തും അവരുടെ സ്വന്തം വെബ് സൈറ്റിലും പ്രദര്‍ശിപ്പിക്കണം. ഈ വെബ്‌സൈറ്റ് കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് സ്‌റ്റേറ്റ് കൗണ്‍സിലിന്റെ വെബ്‌സൈറ്റുമായി ലിങ്ക് ചെയ്യേണ്ടതാണ്.
അമിത നിരക്ക് ഈടാക്കിയാല്‍ നടപടി
കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമ പ്രകാരം ബന്ധപ്പെട്ട ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പരാതികള്‍ സ്വീകരിച്ച് നടപടികള്‍ സ്വീകരിക്കും. ഏതെങ്കിലും ആശുപത്രി നിശ്ചയിക്കപ്പെട്ട നിരക്കിനേക്കാള്‍ കൂടുതല്‍ ഈടാക്കുന്നതായി കണ്ടെത്തിയാല്‍ അവരില്‍ നിന്നും ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമ പ്രകാരം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പത്തിരട്ടി പിഴ ഈടാക്കും. ഇതിന് പുറമേ 2005ലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട്, 2021ലെ കേരള എപിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് തുടങ്ങിയ നിയമപ്രകാരം ജില്ലാ കലക്ടര്‍മാര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും.
കൊവിഡ് ചികിത്സയ്ക്കായി എത്തുന്ന രോഗികളെ എല്ലാ സ്വകാര്യ ആശുപത്രികളും അഡ്മിഷന്‍ പ്രോട്ടോക്കോളുകള്‍ കൃത്യമായി പാലിച്ച് ഉടന്‍ പ്രവേശിപ്പിക്കേണ്ടതാണ്.