ഈരാറ്റുപേട്ട നഗരസഭയിലെ അവിശ്വാസപ്രമേയം: വിവേചനത്തിനും ഏകാധിപത്യ പ്രവണതക്കുമെതിരായ താക്കീതെന്ന് എസ്ഡിപിഐ

Update: 2021-09-13 12:32 GMT

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭ മുന്‍ ഭരണ നേതൃത്വത്തിന്റെ വിവേചനപരവും ഏകാധിപത്യപരവുമായ നിലപാടുകള്‍ക്കെതിരായ നിലപാടാണ് ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണക്കുന്നതിലൂടെ എസ്ഡിപിഐ കൈക്കൊണ്ടതെന്ന് പാര്‍ട്ടി മുനിസിപ്പല്‍ പ്രസിഡന്റ് സി എച്ച് ഹസീബ്.

കഴിഞ്ഞ കാലങ്ങളില്‍ വന്ന അവിശ്വാസനീക്കങ്ങളിലെന്ന പോലെ ഇത്തവണയും നാടിന്റെ വികസന താല്‍പര്യങ്ങള്‍ മാത്രം പരിഗണിച്ചുള്ള നിലപാടാണ് പാര്‍ട്ടി കൈക്കൊണ്ടത്. കഴിഞ്ഞ ഒന്‍പത് മാസത്തെ ഭരണകാര്യങ്ങളില്‍ സ്വജനപക്ഷപാതവും വിവേചനവും അസഹനീയമാം വിധത്തിലേക്ക് മാറിയിരുന്നു. വികസന കാര്യങ്ങളില്‍ വാചകക്കസര്‍ത്തുകള്‍ക്കപ്പുറം ആശാവാഹമായ ഇടപെടലുകളൊന്നും നടന്നിട്ടില്ല. മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങളെ ഒറ്റക്കെട്ടായി കൊണ്ടു പോകാന്‍ ഭരണനേതൃത്വത്തിനായിട്ടില്ല. പ്രതിപക്ഷ കക്ഷികളിലെ ജനപ്രതിനിധികളോടുള്ള വിവേചനം അവരെ വിജയിപ്പിച്ചയച്ച പ്രദേശങ്ങളിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നു ബന്ധപ്പെട്ടവര്‍ മനസ്സിലാക്കിയില്ലെന്നും എസ്ഡിപിഐ നേതൃത്വം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. 

തുടര്‍ച്ചയായുണ്ടാവുന്ന അവിശ്വാസനീക്കങ്ങളില്‍ ജനങ്ങള്‍ അസ്വസ്ഥരാണെന്നറിയാം. എന്നാല്‍, വീണ്ടും അങ്ങനെയൊരു സാഹചര്യം സൃഷ്ടിച്ചതില്‍ ഭരണകക്ഷികളില്‍പ്പെട്ടവരാണ് ഉത്തരവാദികള്‍. ജനങ്ങളോട് ഉത്തരവാദിത്വമുള്ള രാഷ്ട്രീയ നേതൃത്വം സ്വീകരിക്കേണ്ട പ്രായോഗിക പരിഹാരമാണ് പാര്‍ട്ടി ഇവിടെ കൈക്കൊണ്ടിട്ടുള്ളത്. പാര്‍ട്ടി നിലപാടിനെ രാഷ്ട്രീയക്കച്ചവടമെന്ന് ആക്ഷേപിക്കുന്നവര്‍ കള്ള ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും എസ്ഡിപിഐ പ്രസ്താവന ചൂണ്ടിക്കാട്ടി. 

അവിശ്വാസപ്രമേയം എസ്ഡിപിഐയുടെ അഞ്ച് കൗണ്‍സിലര്‍മാരുടെ പിന്തുണയോടെയാണ് പാസായത്. 28 അംഗങ്ങളുള്ള നഗരസഭയില്‍ എല്‍ഡിഎഫിന് 9ഉം ഒരു കോണ്‍ഗ്രസ് വിമതയുമാണ് ഉള്ളത്. മൂന്നു വിഭാഗവും വോട്ട് ചെയ്തതോടെ പ്രമേയത്തിനനുകൂലമായി 15 വോട്ടുകള്‍ ലഭിച്ചു. 13 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും വിട്ടുനിന്നു. 

Tags:    

Similar News