എല്ലാവര്‍ക്കും വിജയം; ഒമ്പത്, പത്ത്, പത്തിനൊന്ന് ക്ലാസുകളില്‍ പരീക്ഷയില്ല; പ്രഖ്യാപനവുമായി തമിഴ്‌നാട് സര്‍ക്കാര്‍
ചെന്നൈ: തമിഴ്‌നാട്ടില്‍ പത്താം ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചതായി പ്രഖ്യാപിച്ച് തമിഴനാട് സര്‍ക്കാര്‍. 9, 11 ക്ലാസുകളിലെ വിദ്യാര്‍ഥികളേയും വിജയികളായി പ്രഖ്യാപിച്ചു. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയുണ്ടാകില്ലെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു.
കൊവിഡ് വ്യാപനം മൂലം ക്ലാസുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പരീക്ഷ ഒഴിവാക്കാന്‍ തീരുമാനമായത്. കൊവിഡ് സാഹചര്യത്തില്‍ പരീക്ഷകള്‍ നടത്തുന്നത് ഉചിതമല്ല എന്നതും വിദഗ്ധ സമിതി റിപോര്‍ട്ടില്‍ പറയുന്നു. ഇന്റേര്‍ണല്‍ അസസ്‌മെന്റ് സംവിധാനത്തിലൂടെ കാല്‍കൊല്ല, അരക്കൊല്ല പരീക്ഷകളുടെ മാര്‍ക്കും, അറ്റന്റന്‍സും പരിഗണിച്ചായിരിയ്ക്കും വിദ്യാര്‍ത്ഥികളൂടെ മാര്‍ക്ക് വിലയിരുത്തക.
അതേസമയം മെയ് 3 നും മെയ് 21 നും ഇടയില്‍ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷകളുടെ ടൈംടേബിള്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഡയറക്ടറേറ്റ് പുറത്തിറക്കി. സംസ്ഥാന ബോര്‍ഡ് പരീക്ഷകള്‍ സാധാരണയായി മാര്‍ച്ചിലാണ് നടക്കുന്നത്, എന്നാല്‍ പകര്‍ച്ചവ്യാധി കാരണം ഏപ്രിലിലേക്ക് മാറ്റിവയ്ക്കകയായിരുന്നു
നിലവില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് തമിഴ്‌നാട് ഏഴ് ദിവസത്തെ നിര്‍ബന്ധിത ഹോംക്വാറന്റീന്‍ ഏര്‍പ്പെടുത്തി. കൂടാതെ ഏഴ് ദിവസം സ്വയം നിരീക്ഷണത്തിലും കഴിയണം.