തൊണ്ടിമുതലുകള്‍ സൂക്ഷിക്കുന്നതില്‍ വീഴ്ച പാടില്ല; പോലിസിന് നിര്‍ദ്ദേശം നല്‍കി ഡിജിപി
തിരുവനന്തപുരം: തൊണ്ടിമുതലുകള്‍ സൂക്ഷിക്കുന്നതില്‍ വീഴ്ച പാടില്ലെന്ന് പോലിസിനോട് നിര്‍ദേശിച്ച് ഡിജിപി. അഭയ കേസിലെ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഡിജിപിയുടെ ഉത്തരവ്. അഭയകേസില്‍ ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന കെടി മൈക്കിളും ഡിവൈഎസ്പിയായിരുന്ന കെ സാമുവലും ചേര്‍ന്ന് തൊണ്ടിമുതലുകള്‍ നശിപ്പിച്ചെന്ന് സിബിഐ കോടതി പറഞ്ഞിരുന്നു. അഭയയുടെ ശിരോവസ്ത്രം, ഡയറി എന്നിവ ഈ ഉദ്യോഗസ്ഥര്‍ നശിപ്പിച്ചെന്നായിരുന്നു കണ്ടെത്തല്‍. ഭാവിയില്‍ തൊണ്ടിമുതലുകള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സിബിഐ കോടതി ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു. തെളിവുകളുടെ അഭാവത്തില്‍ അഭയ കേസ് അനന്തമായി നീണ്ടുപോയിരുന്നു. കേസില്‍ വിധി വന്ന് ഒരു വര്‍ഷവും മൂന്ന് മാസവും പിന്നിട്ട ശേഷമാണ് ഡിജിപിയുടെ ഉത്തരവ്.
കോടതി ഉത്തരവ് നടപ്പാക്കാത്തത് ചൂണ്ടിക്കാട്ടി അഭയ കേസിലെ പരാതിക്കാരന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നേരത്തെ ഡിജിപിക്ക് പരാതി നല്‍കി. എന്നാല്‍ പരാതി ലഭിച്ചില്ലെന്നാണ് ഡിജിപിയുടെ ഓഫിസ് വ്യക്തമാക്കിയത്. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെയാണ് ഡിജിപി നിര്‍ദേശം നല്‍കിയത്. അഭയ കേസില്‍ തെളിവ് നശിപ്പിച്ച കെടി മൈക്കിളിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന കോടതി നിര്‍ദേശവും ഇതുവരെ നടപ്പാക്കിയിട്ടില്ല. ക്രൈംബ്രാഞ്ച് റിപോര്‍ട്ടിന് ശേഷം നടപടി സ്വീകരിക്കുമെന്നാണ് ഡിജിപിയുടെ ഓഫിസില്‍ നിന്നുളള വിശദീകരണം.