വ്യക്തിനിയമ പ്രകാരമുള്ള വിവാഹമോചനം രേഖപ്പെടുത്താന്‍ വ്യവസ്ഥയില്ല; പരിഹാരം കണ്ടെത്തണമെന്ന് ഹൈക്കോടതി

വ്യക്തിനിയമ പ്രകാരം നടന്ന വിവാഹം രേഖപ്പെടുത്താന്‍ വ്യവസ്ഥയുണ്ടെങ്കിലും വിവാഹമോചനം രേഖപ്പെടുത്തല്‍ നിലവില്‍ കോടതി ഉത്തരവിലൂടെ മാത്രമേ സാധ്യമാകൂ

Update: 2024-01-17 08:36 GMT

കൊച്ചി: വ്യക്തിനിയമ പ്രകാരം വിവാഹമോചനം നേടിയ സ്ത്രീകള്‍ക്ക് ഇക്കാര്യം വിവാഹ രജിസ്റ്ററില്‍ രേഖപ്പെടുത്താന്‍ പ്രത്യേക വ്യവസ്ഥയില്ലാത്തതില്‍ പരിഹാരം കണ്ടെത്തണമെന്ന് ഹൈക്കോടതി. നിയമസഭ ഇക്കാര്യത്തില്‍ ഉചിതമായ നടപടി സ്വീകരിക്കണം. വ്യക്തിനിയമ പ്രകാരം നടന്ന വിവാഹം രേഖപ്പെടുത്താന്‍ വ്യവസ്ഥയുണ്ടെങ്കിലും വിവാഹമോചനം രേഖപ്പെടുത്താന്‍ കോടതി ഉത്തരവിലൂടെ മാത്രമേ സാധ്യമാകൂ. എന്നാല്‍ ചട്ടമില്ലെങ്കിലും വിവാഹം പോലെ വിവാഹമോചനവും രേഖപ്പെടുത്താമെന്നത് നിയമത്തില്‍ അന്തര്‍ലീനമാണെന്ന് കോടതി നിരീക്ഷിച്ചു. വിവാഹമോചനം രേഖപ്പെടുത്താന്‍ മാര്യേജ് ഓഫിസര്‍ക്ക് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. കണ്ണൂര്‍ തലശേരി സ്വദേശിനി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

2012ലായിരുന്നു ഹരജിക്കാരിയുടെ വിവാഹം. വ്യക്തിനിയമ പ്രകാരം വിവാഹിതരായ ശേഷം വടകര നഗരസഭയില്‍ കേരള രജിസ്‌ട്രേഷന്‍ ഓഫ് മാര്യേജസ് (കോമണ്‍) റൂള്‍സ് പ്രകാരം രജിസ്റ്റര്‍ ചെയ്തു. 2014ല്‍ സാക്ഷികളുടെ സാന്നിധ്യത്തില്‍ ഭര്‍ത്താവ് ത്വലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തി. തുടര്‍ന്ന് വിവാഹമോചനം രേഖപ്പെടുത്താന്‍ നഗരസഭയുടെ രജിസ്‌ട്രേഷന്‍ വിഭാഗത്തെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. വ്യക്തിനിയമ പ്രകാരം വിവാഹിതരായതിനാല്‍ വിവാഹമോചനം രേഖപ്പെടുത്താന്‍ കഴിയില്ലെന്നും കോടതി ഉത്തരവുണ്ടെങ്കിലേ ഇത് സാധിക്കൂ എന്നുമുള്ള മറുപടിയാണ് ലഭിച്ചത്. തുടര്‍ന്നാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.

Tags:    

Similar News