നയരൂപീകരണ സമിതിയിലേക്ക് ആര്‍എസ്എസ് അനുഭാവി വേണ്ട; ബൈഡന് സാമൂഹികപ്രവര്‍ത്തകരുടെ മുന്നറിയിപ്പ്
ന്യൂയോര്‍ക്ക്: യുഎസ് വൈറ്റ് ഹൗസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഓഫിസ് ഓഫ് മാനേജ്‌മെന്റ് ആന്റ് ബജറ്റിലേക്ക് (ഒഎംബി) ശുപാര്‍ശ ചെയ്യപ്പെട്ട ഇന്ത്യന്‍ വംശജ നീര ടണ്ടന്‍ ഒഴിവാകുന്ന തസ്തികയിലേക്ക് ഇന്ത്യക്കാരിയായ ഹിന്ദുത്വ അനുഭാവിയെ പരിഗണിക്കുന്നതിനെതിരേ സാമൂഹികപ്രവര്‍ത്തകര്‍. ഏഷ്യന്‍ വംശജയായ സോണാല്‍ ഷായെ ഒഎംബിയുടെ നേതൃസ്ഥാനത്തേക്ക് പരിഗണിക്കരുതെന്നാണ് സാമൂഹികപ്രവര്‍ത്തകര്‍ യുഎസ് പ്രസിഡന്റ് പ്രസിഡണ്ടിനോട് കത്തിലൂടെ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
ബരാക്ക് ഒബാമ പ്രസിഡന്റായിരുന്ന സമയത്ത് സോഷ്യല്‍ ഇന്നൊവേഷന്‍ ആന്റ് സിവിക് പാര്‍ട്ടിസിപ്പേഷനില്‍ സോണാല്‍ ഷായെ നിയമിച്ചതിനെതിരേ ആ സമയത്തുതന്നെ കടുത്ത വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. സര്‍ക്കാര്‍ സംവിധാനത്തിലേക്ക് തീവ്ര വര്‍ഗീയ വാദികളായ ആര്‍എസ്എസ്സ് അനുഭാവികളെ പരിഗണിക്കരുതെന്നാണായിരുന്നു ആവശ്യം. അതേ ആവശ്യമാണ് ഇപ്പോഴും ഉയര്‍ന്നുവന്നിട്ടുള്ളത്.
സോണാലിനെ നിയമിക്കാനുള്ള തീരുമാനം പുറത്തുവന്ന ഉടനെ കൊയലീഷന്‍ ഓഫ് അമേരിക്കന്‍സ് ഫോര്‍ പ്ലൂരലിസം ഇന്‍ ഇന്ത്യ ഭാരവാഹിയായ മസൂദ് റാബ് ആണ് മുന്നറിയിപ്പുമായി ആദ്യം രംഗത്തുവന്നത്. അതിനു പിന്നാലെ അലിയന്‍സ് ടു സേവ് ആന്റ് പ്രൊട്ടക്റ്റ് അമേരിക്ക ഫ്രം ഇന്‍ഫില്‍ട്രേഷന് ബൈ റിലിജിയസ് എക്‌സ്ട്രിമിസ്റ്റും ഇതുസംബന്ധിച്ച പ്രചാരണം ആരംഭിച്ചു. ആര്‍എസ് എസ്സുമായി നേരിട്ട് ബന്ധമുള്ളവരെ യുഎസ് ഭരണകൂടുവമായി ബന്ധപ്പെടുത്തരുതെന്നും സാമൂഹികപ്രവര്‍ത്തകര്‍ വാദിക്കുന്നു.
വിഎച്ച്പിയുടെ വിദേശ വിഭാഗമായ 'വിശ്വഹിന്ദു പരിഷദ് അമേരിക്ക'യുമായി ബന്ധമുള്ള ഇവര്‍ 2008 മുതല്‍ ഒബാമയുടെ അടുത്ത ഉപദേശക സമിതിയിലുണ്ടായിരുന്നു. സിഐഎ അതിന്റെ 2018ലെ ഫാക്റ്റ്ബുക്കില്‍ വിഎച്ച്പിയെ സായുധ സംഘടനയായാണ് വിശേഷിപ്പിച്ചിരുന്നത്. 2,000 പേരെ കൊലപ്പെടുത്തുകയും 2,00,000 പേരെ ഭവനരഹിതരാക്കുകുയം ചെയ്ത ഗുജറാത്ത് കലാപത്തില്‍ സംഘടനയ്ക്ക് ബന്ധമുണ്ടെന്നും സിഐഎ വിലയിരുത്തുന്നു. ഇത്തരത്തിലുള്ള ഒരു സംഘടനയുമായി ബന്ധമുള്ള സോണാലിനെ ഭരണരംഗത്തേക്ക് അടുപ്പിക്കരുതെന്നാണ് ആക്റ്റിവിസ്റ്റുകള്‍ ആവശ്യപ്പെടുന്നത്.
ഗുജറാത്ത് ഭൂകമ്പക്കാലത്ത് ഇരകള്‍ക്കുവേണ്ടി പണം സ്വരൂപിക്കുന്നതിനുള്ള വിഎച്ച്പി അമേരിക്കയുടെ ദേശീയ കോര്‍ഡിനേറ്ററായിരുന്നു സോണാല്‍ ഷാ. ഈ പണം ഹിന്ദു ഇരകള്‍ക്കു മാത്രമേ വിതരണം ചെയ്തിരുന്നുള്ളൂ എന്ന ആരോപണം അക്കാലത്തു തന്നെ ഉയര്‍ന്നുവന്നിരുന്നു.