വാഷിങ്ടണ്‍: ഗസക്കുള്ള മാനുഷികസഹായം വിലപേശലിന് ഉപയോഗിക്കരുതെന്ന് ഇസ്രായേലിനോട് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഗസയിലേക്ക് സഹായം നല്‍കാന്‍ അനുവദിക്കണം. സന്നദ്ധപ്രവര്‍ത്തകര്‍ക്ക് വെടിവെപ്പില്‍ പരിക്കേല്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ബൈഡന്‍ നിര്‍ദേശിച്ചു.ഗസക്ക് സഹായം നല്‍കാന്‍ മെഡിറ്റനേറിയന്‍ തീരത്ത് ഒരു താല്‍കാലിക സംവിധാനം സ്ഥാപിക്കാന്‍ യുഎസ് സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ബൈഡന്‍ അറിയിച്ചു. ഇതിലൂടെ കൂടുതല്‍ ഭക്ഷണവും വെള്ളവും മരുന്നുകളും ഗസക്ക് നല്‍കാനാവുമെന്നും ബൈഡന്‍ പറഞ്ഞു.ഗസയിലെ സിവിലിയന്‍മാരെ സംരക്ഷിക്കാനുള്ള പ്രാഥമികമായ കടമ ഇസ്രായേലിനുണ്ട്. ആറാഴ്ചത്തെ വെടിനിര്‍ത്തല്‍ കരാറിനായും ബന്ദികളെ വിട്ടയക്കുന്നതിനായും താന്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും ബൈഡന്‍ അവകാശപ്പെട്ടു.