സംസ്ഥാനത്ത് ഫ്ലോട്ടിംഗ് ബ്രിഡ്ജ് നടപ്പാക്കിയത് സർക്കാർ ഉത്തരവില്ലാതെ

Update: 2024-03-12 05:32 GMT

തിരുവനന്തപുരം : മാസ്റ്റര്‍ പ്ലാനോ സര്‍ക്കാര്‍ ഉത്തരവോ ഇല്ലാതെയാണ് സംസ്ഥാനത്ത് ഫ്ലോട്ടിംഗ് ബ്രിഡ്ജ് പദ്ധതി നടപ്പാക്കിയതെന്ന് സമ്മതിച്ച് വിനോദ സഞ്ചാര വകുപ്പ്. കരാര്‍ കമ്പനികളുടെ തിരഞ്ഞെടുപ്പിന് മാത്രമല്ല സുരക്ഷ സംവിധാനങ്ങൾ സംബന്ധിച്ചും പ്രത്യേക മാനദണ്ഡങ്ങളൊന്നും തയ്യാറാക്കിയിരുന്നില്ലെന്നാണ് വിനോദ സഞ്ചാര വകുപ്പ് വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിൽ വ്യക്തമാക്കുന്നത്.

ഒരു വിനോദ സഞ്ചാര ഉത്പന്നം എന്ന നിലയിൽ സഞ്ചാരികൾക്ക് പുതിയ അനുഭവം നൽകാൻ ലക്ഷ്യമിട്ടെന്ന വലിയ പ്രഖ്യാപനവുമായാണ് സംസ്ഥാന ടൂറിസം വകുപ്പ് ഫ്ലോട്ടിംഗ് ബ്രിജ്ജുകളെ പരിചയപ്പെടുത്തിയത്.പുതിയ പദ്ധതിയെന്നോണം കൊട്ടിഘോഷിച്ചായിരുന്നു ഉദ്ഘാടനവും. ബേക്കൽ റിസോര്‍ട്സ് ഡെവലപ്മെന്റ് കോര്‍പറേഷന്റെ മേൽനോട്ടത്തിൽ കാസര്‍കോട്ടും മറ്റ് ജില്ലകളിൽ ഡിടിപിസിയുടെ ചുമതലയിലും ആണ് ഫ്ലോട്ടിംഗ് ബ്രിഡ്ദുകൾ സ്ഥാപിച്ചിട്ടുള്ളത്.

പദ്ധതി വൻ നേട്ടമെന്ന് പ്രചരിപ്പിക്കുമ്പോഴും ടെണ്ടര്‍ നടപടികളിലോ കമ്പനികളുടെ തിരഞ്ഞെടുപ്പിലോ പ്രത്യേകിച്ച് ഒരു ഉത്തരവാദിത്തവും ടൂറിസം വകുപ്പ് എടുത്തിട്ടില്ല. മാസ്റ്റര്‍ പ്ലാനില്ല. പാരിസ്ഥിതിക ഘടകൾങ്ങൾ പരിശോധിക്കാനോ പദ്ധതിക്ക് പ്രവര്‍ത്തന മാനദണ്ഡങ്ങൾ ഉറപ്പാക്കാനോ ശ്രമിച്ചിട്ടില്ല. സുരക്ഷ ഉറപ്പാക്കാൻ എന്ത് നടപടി ഉണ്ടെന്ന ചോദ്യത്തിന് സുരക്ഷാ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന കാര്യം പരിഗണനയിൽ എന്നുമാത്രമാണ് മറുപടി. അതായത് പദ്ധതി നടത്തിപ്പ് മുതൽ വരുമാന ശേഖരണം വരെയുള്ള കാര്യങ്ങളിലെ ഉത്തരവാദിത്തം അതാത് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുകൾക്ക് ഉണ്ടെന്ന് കൂടി വ്യക്തമാക്കുന്നതാണ് വിവരാവകാശ രേഖ.

വർക്കല അപകടത്തിന് പിന്നാലെ കരാർ കമ്പനിയെ കുറ്റപ്പെടുത്തി കൈകഴുകുകയായിരുന്നു ഡിടിപിസി. വര്‍ക്കലയിൽ അപകടമുണ്ടായ പാലം ആദ്യം സ്ഥാപിക്കാൻ ഉദ്ദേശിച്ചത് അടിമലത്തുറയിലാണ്. അന്നത്തെ ഡിടിപിസി സെക്രട്ടറിയായിരുന്ന ഷാരോൺ വീട്ടിലിന്‍റെ നേതൃത്വത്തിൽ നടന്ന ആ നീക്കം പ്രദേശ വാസികളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഉപേക്ഷിച്ച് വര്‍ക്കലയിലേക്ക് മാറ്റിയത്. ഡിസംബര്‍ 29 നായിരുന്നു ഉദ്ഘാടനം. ആഴ്ചകൾക്കകം അപകടവുമുണ്ടാക്കി. ഇതിനിടക്ക് ഡിടിപിസി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയ അതേ ഉദ്യോഗസ്ഥൻ ടൂറിസം മന്ത്രിയുടെ ഓഫീസിലെ ഉന്നതതസ്തികയിലാണ്. 

Tags:    

Similar News