ചിദംബരത്തെ തിഹാർ ജയിലിലേക്ക് അയയ്ക്കരുതെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ അറസ്റ്റിലായ മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തെ ഡൽഹിയിലെ തീഹാര്‍ ജയിലേക്ക് അയയ്ക്കരുതെന്ന് സുപ്രീംകോടതി. കൂടാതെ ചിദംബരത്തിന്റെ സിബിഐ കസ്റ്റഡി മൂന്നു ദിവസം കൂടി നീട്ടുന്നുവെന്നും ചിദംബരം നല്കിയ മറ്റു ഹരജികളില്‍ വ്യാഴാഴ്ച വാദം കേള്‍ക്കുമെന്നും സുപ്രീം കോടതി അറിയിച്ചു. വിചാരണ കോടതിയുടെ റിമാന്‍ഡ് ഉത്തരവിനെതിരെ ചിദംബരം നല്കിയ ഹര്‍ജിയിലാണ്, ജസ്റ്റിസ് ആര് ഭാനുമതിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നടപടി. അതേസമയം, ഇടക്കാല ജാമ്യം ഉള്‍പ്പെടെയുള്ള നടപടികള്‍ക്കായി ചിദംബരം വിചാരണക്കോടതിയെ തന്നെ സമീപിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
സുപ്രീംകോടതിയില്‍ ചിദംബരത്തിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ കോടതി മുമ്പാകെ ചിദംബരത്തിന് 74വയസ്സായെന്നും അദ്ദേഹത്തെ വീട്ടുതടങ്കല്‍ പാര്‍പ്പിക്കുന്നതാണ് അഭികാമ്യമെന്നും തീഹാര്‍ ജയിലിലേക്ക് അയക്കരുതെന്നും ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കോടതി ഇങ്ങനെ നിര്‍ദേശിച്ചത്. കഴിഞ്ഞ ആഗസ്ത് 21മുതല്‍ സിബിഎ കസ്റ്റഡിയിലായിരുന്നു ചിദംബരം കഴിഞ്ഞിരുന്നത്. കസ്റ്റഡി കാലവധി കഴിഞ്ഞതിനാല്‍ ഇനി ജുഡീഷ്യല്‍ കസ്റ്റഡിയിലായിരിക്കും ചിദംബരം തുടരേണ്ടി വരിക. അങ്ങനെയെങ്കില്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ജയിലായ തീഹാര്‍ ജയിലിലേക്ക് അദ്ദേഹത്തെ മാറ്റേണ്ടിവരും. ഇതാണ് കോടതി തടഞ്ഞത്.