അണ്‍ലോക്ക് 4.0: ഡല്‍ഹി മെട്രോ സര്‍വീസ് പുനരാരംഭിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കി

Update: 2020-08-30 10:39 GMT

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം മൂലം അഞ്ച് മാസത്തോളമായി നിര്‍ത്തിവച്ച മെട്രോ റെയില്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഡല്‍ഹി സര്‍ക്കാര്‍. ടോക്കണുകള്‍ നിരോധിച്ചത് ഉള്‍പ്പെടെ കടുത്ത നിയന്ത്രണങ്ങളോടെയാണ് സര്‍വീസ് പുനരാരംഭിക്കാനാണ് ഡല്‍ഗി സര്‍ക്കാര്‍ തീരുമാനം

വരുന്ന ഏഴ് മുതല്‍ ഘട്ടം ഘട്ടമായി സര്‍വീസ് വീണ്ടും തുടങ്ങാനാണ് തീരുമാനം. വിമാനത്താവളങ്ങളുടെ മാതൃകയിലാകും മെട്രോ സ്റ്റേഷനുകളിലെ പരിശോധന. ശരീരോഷ്മാവ് പരിശോധിച്ച് മാത്രമേ യാത്രക്കാരെ സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കൂ. ലഗേജുകള്‍ അണുവിമുക്തമാക്കാനുള്ള സജ്ജീകരണം ഉണ്ടാകും. ടോക്കണ്‍ നല്‍കില്ല. സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് മാത്രമേ യാത്ര അനുവദിക്കൂ. നിശ്ചിത അകലം ഉറപ്പ് വരുത്തുന്ന മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് ശരീര പരിശോധന നടത്തും.

കോച്ചുകള്‍ക്കുള്ളില്‍ ശുദ്ധവായു വിതരണം ചെയ്യുന്നതിനായി എയര്‍ കണ്ടീഷനിങ് സംവിധാനവും നവീകരിക്കുമെന്ന് ഡല്‍ഹി ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ട് പറഞ്ഞു. പരമാവധി ശുദ്ധവായു വരുന്നതായി ഉറപ്പാക്കുന്ന തരത്തില്‍ എയര്‍ കണ്ടീഷനിംഗ് സംവിധാനം പുതുക്കിപ്പണിയും. മെട്രോ ട്രെയിനുകളില്‍ ഏറ്റവും അനുയോജ്യമായ താപനില എന്തായിരിക്കണം എന്നതിനെക്കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സാമൂഹിക അകലം, താപ പരിശോധന എന്നിവ ഉള്‍പ്പെടെ എല്ലാ സുരക്ഷാ നിയമങ്ങളും സ്റ്റേഷനുകളില്‍ കര്‍ശനമായി പാലിക്കും. ഹാന്‍ഡ് സാനിറ്റൈസറും നല്‍കും. പ്ലാറ്റ്‌ഫോമില്‍ ശാരീരിക അകലം പാലിക്കുന്നത് ഉറപ്പ് വരുത്താന്‍ ചുവന്ന വൃത്തങ്ങള്‍ വരച്ചിടും. കൃത്യമായ ഇടവേളകളില്‍ ബോധവത്കരണ അനൗണ്‍സ്‌മെന്റുകളുണ്ടാകും. ട്രെയിനിനുള്ളിലെ താപനില 26 ഡിഗ്രി സെല്‍ഷ്യസായി ക്രമീകരിക്കും. ഒന്നിടവിട്ടുള്ള സീറ്റുകള്‍ ഒഴിച്ചിടണം. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാവും മെട്രോയാത്രയില്‍ മുന്‍ഗണനയെന്നാണ് ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. എല്ലാ സ്റ്റേഷനുകളും തുറക്കില്ല. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ സ്റ്റേഷനുകള്‍ അടഞ്ഞുകിടക്കും. അടഞ്ഞുകിടക്കുന്ന സ്റ്റേഷനുകളെ കുറിച്ച് യാത്രക്കാരെ വിവരം അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.




Tags:    

Similar News