രാജ്യത്തെ ആദ്യ ഡ്രൈവറില്ലാ ട്രെയിന്‍ ഓടിത്തുടങ്ങി

2025 ഓടെ മെട്രോ സര്‍വീസ് ഉള്ള നഗരങ്ങളുടെ എണ്ണം 18ല്‍നിന്ന് 25 ആക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

Update: 2020-12-28 10:20 GMT

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ ഡ്രൈവറില്ലാ ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഡല്‍ഹി മെട്രോയിലെ മജന്റ് ലൈനിലാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.

വളര്‍ന്നുവരുന്ന നഗരവത്കരണത്തെ അവസരമായാണ് തന്റെ സര്‍ക്കാര്‍ കാണുന്നതെന്ന് മോദി പറഞ്ഞു. 2025 ഓടെ മെട്രോ സര്‍വീസ് ഉള്ള നഗരങ്ങളുടെ എണ്ണം 18ല്‍നിന്ന് 25 ആക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. വിഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു ഉദ്ഘാടനം.

രാജ്യത്ത് നഗരവത്കരണത്തിനു വേഗം കൂടിത്തുടങ്ങിയ നാളുകളില്‍ ഭാവിയിലെ സാഹചര്യം മുന്‍കൂട്ടിക്കണ്ടുള്ള ശ്രദ്ധ ഈ മേഖലയ്ക്കു ലഭിച്ചില്ല. പാതി മനസ്സോടെയായിരുന്നു വികസന പ്രവര്‍ത്തനങ്ങള്‍. അതുകൊണ്ടാണ് വളര്‍ച്ചയ്ക്ക് അനുസരിച്ചുള്ള അടിസ്ഥാന സൗകര്യം ഇല്ലാതായതെന്നും മോദി കുറ്റപ്പെടുത്തി.

നഗരവത്കരണത്തെ വെല്ലുവിളി ആയല്ല, അവസരമായി വേണം കാണാന്‍. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ജനങ്ങളുടെ ജീവിതം ആയാസരഹിതമാക്കണം. തന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം മെട്രോ ട്രെയിന്‍ ഉള്ള നഗരങ്ങള്‍ അഞ്ചില്‍ നിന്നു 18 ആയി. 2025 ഓടെ അത് 25 ആക്കും. 2014ല്‍ 248 കിലോമീറ്റര്‍ ആയിരുന്നു രാജ്യത്തെ മെട്രോ പാതയുടെ നീളം. ഇപ്പോള്‍ അത് 700 കിലോമീറ്ററിനു മുകളില്‍ ആയി. 2025 ഓടെ അത് 1700 കിലോമീറ്റര്‍ ആവുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

Tags:    

Similar News