'ഒരു തെറ്റും ചെയ്തിട്ടില്ല, ആരൊക്കെയോ വേട്ടയാടിക്കൊണ്ടിരിക്കുന്നു, എന്തിനെന്ന് അറിയില്ല'- ലൈഫ് മിഷനില്‍ സിഇഒ ആയിരുന്ന യുവി ജോസ്
ലൈഫ് മിഷന്‍ സിഇഒ ആയിരുന്ന യുവി ജോസിനെ കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ നിരവധി തവണ ചോദ്യം ചെയ്തിരുന്നു
തിരുവനന്തപുരം: ലൈഫ് മിഷനില്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ആരൊക്കെയോ തന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നുവെന്നും ലൈഫ് മിഷന്‍ സിഇഒ യുവി ജോസ്. വിരമിക്കുന്ന വേളയില്‍ ഫേസ് ബുക്കില്‍ പോസ്റ്റു ചെയ്ത കുറിപ്പിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.
ലൈഫ് മിഷന്‍ സിഇഒ ആയിരുന്ന യുവി ജോസിനെ കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ നിരവധി തവണ ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷനില്‍ യുഎഇ-റെഡ് ക്രസന്റില്‍ നിന്ന് പണം സമാഹരിച്ചതില്‍ ഒരു കോടി രൂപ സ്വര്‍ണ കടത്ത് കേസ് പ്രതിയായ സ്വപ്‌ന സുരേഷിന് കമ്മീഷനായി നല്‍കിയെന്ന് ആരോപണമുണ്ടായിരുന്നു.
ഫേസ് ബുക്ക് പോസ്റ്റിന്റെ പ്രസക്ത ഭാഗം
2018 നവംമ്പറില്‍ ജില്ലാ കലക്ടര്‍ എന്ന റോളില്‍ പരമാവധി സമയമായ 3 വര്‍ഷം അവസാനിക്കാറായപ്പോള്‍ തിരുവനന്തപുരത്തേക്കുള്ള വിളി വന്നു. ജോയിന്റ് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ തസ്തികയോടൊപ്പം ഞാന്‍ മനസ്സാ ആഗ്രഹിച്ച ലൈഫ് മിഷന്‍ സിഇഒ എന്ന പോസ്റ്റും. ലൈഫ് മിഷനില്‍ ആയിരുന്നു കൂടുതല്‍ ശ്രദ്ധയും താത്പര്യവും. ഒരു വര്‍ഷം കൊണ്ട് സര്‍ക്കാരിന്റെ ഏറ്റവും പ്രധാന നേട്ടങ്ങളില്‍ ഒന്നായി പ്രതീക്ഷകള്‍ക്കപ്പുറത്തേക്കു ലൈഫ് മിഷനെ വളര്‍ത്താന്‍ സാധിച്ചു. രണ്ട ലക്ഷം വീടുകളുടെ പൂര്‍ത്തീകരണം സംസ്ഥാനം കണ്ടിട്ടുള്ളതില്‍ ഏറ്റവും ശ്രദ്ധേയമായ ഒരു പൊതു പരിപാടിയായി ശ്രദ്ധ നേടി.
എന്നാല്‍ അവിടുന്നങ്ങോട്ട് എന്റെ ഔദ്യോഗിക ജീവിതത്തെയും വ്യക്തിജീവിതത്തെയും പിടിച്ചു കുലുക്കിയ അപ്രതീക്ഷിതവും ദൗര്‍ഭാഗ്യകരവുമായ സംഭവങ്ങളായിരുന്നു നടന്നത്.
റെഡ് ക്രസെന്റ് എന്ന അന്താരാഷട്ര സംഘടനയുമായി നടന്ന എംഒയു ഒപ്പിടലും അതിന്റെ മറവില്‍ കുറച്ചുപേര്‍ നടത്തിയ ഇടപാടുകളുമൊക്കെ ഇന്ന് കോടതിയുടെ പരിഗണയിലുള്ള വിഷയങ്ങളാണ്. ലൈഫ് മിഷന്‍ സിഇഒ എന്ന നിലയില്‍ അന്വേഷണ ഏജന്‍സികളുടെ തെളിവെടുപ്പും, മീഡിയയുടെ ആക്രമണവും ജീവിതത്തില്‍ ഇതുവരെ അനുഭവിക്കാത്ത മാനസിക സംഘര്‍ഷമുണ്ടാക്കി. ആദ്യം ഒന്ന് പതറിയെങ്കിലും, ഒരു തെറ്റും ചെയ്യാത്തതിനാല്‍, ഈ അപ്രതീക്ഷിത വെല്ലുവിളിയെ നേരിടാനുള്ള മനശക്തി വീണ്ടെടുത്തു പഴയ പോലെ മുമ്പോട്ടു പോകുകയാണ് ഞാനിപ്പോള്‍. ഇതിനിടയില്‍ പിആര്‍ഡി ഡയറക്ടര്‍ ആയിരുന്നു ഒരു വര്ഷം. കഴിഞ്ഞ 6 മാസമായി തദ്ദേശ വകുപ്പില്‍ അഡിഷണല്‍ /സ്‌പെഷ്യല്‍ സെക്രട്ടറിയായി സെക്രട്ടേറിയറ്റ് ജോലിയുടെയും രുചി അറിയാനായി...
തിരിഞ്ഞു നോക്കുമ്പോള്‍ തികഞ്ഞ ആത്മസംതൃപ്തിയുണ്ട്. എത്ര ചെറുതാണെങ്കിലും ഏറ്റെടുത്ത എല്ലാ ജോലികളിലും സ്വന്തമായ ഒരു കയ്യൊപ്പു സംഭാവന ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഞാന്‍ പൂര്‍ണമായി വിശ്വസിക്കുന്നു. സാധാരണ ജനങ്ങള്‍ക്ക് എപ്പോഴും പ്രാപ്യനാകാനും അവരുടെ പ്രശ്‌നങ്ങള്‍ സ്വന്തം പ്രശ്‌നം പോലെ പരിഹരിക്കാനും ശ്രദ്ധിച്ചിട്ടുണ്ടെന്ന ആത്മവിശ്വാസത്തിലാണ് ഞാന്‍ ഔദ്യോഗികമായി സര്‍ക്കാര്‍ ജോലിയില്‍ നിന്നും വിരമിക്കുന്നത്..
ഓരോ വ്യക്തിയെയും സൃഷ്ടിക്കുന്നത് സാഹചര്യങ്ങളാണ് ..
ഒരാളെയും അറിഞ്ഞുകൊണ്ട് വേദനിപ്പിച്ചിട്ടില്ലാത്ത എന്നെ ആരൊക്കെയോ സദാ വേട്ടയാടിക്കൊണ്ടിരിക്കുന്നു ..എന്തിനെന്ന് എനിക്കറിയില്ല.. ഞാന്‍ എപ്പോഴും ആശ്രയിക്കുന്ന ക്രിസ്തുവടക്കം ഒരു തെറ്റും ചെയ്യാതെ ക്രൂശിക്കപ്പെടേണ്ടിവന്നവരെയോര്‍ത്തു സമാധാനിക്കും.. ഔദ്യോഗിക കാലഘട്ടം അവസാനിച്ചെങ്കിലും ഇനിയും ജീവിതത്തില്‍ കൂടുതല്‍ അര്‍ത്ഥവത്തായ ഒത്തിരി കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. സാധാരണ ജനങ്ങള്‍ക്കുവേണ്ടി, അവരോടൊപ്പം നിന്ന്, മറ്റൊരു ഇന്നിങ്‌സ്.. കൂടെ കൂടുമല്ലോ..