വിമാനം വേണ്ട, സംസാരിക്കാനുള്ള സ്വാതന്ത്ര്യം മതി; കശ്മീര്‍ ഗവര്‍ണറോട് രാഹുല്‍

Update: 2019-08-13 09:51 GMT

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ സാഹചര്യം നേരിട്ടു വന്നുകണ്ടു മനസ്സിലാക്കാന്‍ ആവശ്യപ്പെട്ട സംസ്ഥാന ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന് മറുപടിയുമായി രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പ്രതികരണം.

ജമ്മുകശ്മീരും ലഡാക്കും സന്ദര്‍ശിക്കാനുള്ള താങ്കളുടെ സ്‌നേഹം നിറഞ്ഞ ക്ഷണം പ്രതിപക്ഷ നേതാക്കളും ഞാനും സ്വീകരിക്കുകയാണ്. ഞങ്ങള്‍ക്ക് വിമാനം ആവശ്യമില്ല. പക്ഷെ സഞ്ചരിക്കാനും ജനങ്ങളോടും മുഖ്യധാരാ നേതാക്കളോടും അവിടെ നിയോഗിച്ചിരിക്കുന്ന പട്ടാളക്കാരോടും സംസാരിക്കാനുള്ള സ്വാതന്ത്ര്യം ദയവായി ഉറപ്പാക്കണം. രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

ജമ്മു കശ്മീരില്‍നിന്ന് അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് കഴിഞ്ഞദിവസം രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതിനെതിരെ ഗവര്‍ണര്‍ രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധിയെ ഇവിടേക്ക് വരാന്‍ താന്‍ ക്ഷണിക്കുകയാണ്. വരാന്‍ വിമാനം അയക്കാം. വന്ന് സാഹചര്യങ്ങള്‍ പരിശോധിച്ചതിനു ശേഷം സംസാരിക്കൂവെന്നായിരുന്നു ഗവര്‍ണറുടെ വാക്കുകള്‍. ഉത്തരവാദിത്തമുള്ള വ്യക്തിയാണ് രാഹുലെന്നും അതിനാല്‍ ഇത്തരത്തില്‍ സംസാരിക്കരുതെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയുമായാണ് രാഹുല്‍ എത്തിയത്.

Similar News