കെ സുരേന്ദ്രന്റെ മകള്‍ക്കെതിരെയുള്ള അശ്ലീല പരാമര്‍ശം: പ്രതിയെ തിരിച്ചറിഞ്ഞപ്പോള്‍ സംഘികളും പോലിസും കേസൊതുക്കുന്നു
കോഴിക്കോട്: ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്റെ മകള്‍ക്കെതിരെ ഫേസ്ബുക്കില്‍ അശ്ലീല പരാമര്‍ശം നടത്തിയതു സംബന്ധിച്ച കേസില്‍ ശരിക്കുള്ള പ്രതിയായ സംഘപരിവാര്‍ പ്രവര്‍ത്തകന്‍ കുടുങ്ങുമെന്ന ഘട്ടം വന്നതോടെ ബിജെപിയും പോലീസും കേസൊതുക്കുന്നു. സംഭവത്തിന്റെ തുടക്കത്തില്‍ അജ്‌നാസ് എന്ന യുവാവിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ ബിജെപി നേതൃത്വവും പ്രതിയെ പിടികൂടുന്നതിനു വേണ്ടി വര്‍ഗ്ഗീയ പ്രസ്താവനകള്‍ നടത്തിയ സംഘപരിവാര്‍ നേതാക്കളും ഇപ്പോള്‍ തീര്‍ത്തും നിശബ്ദരാണ്. അന്വേഷണം ശരിയായ ദിശയില്‍ പോയാല്‍ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകന്‍ തന്നെയാണ് ജയിലില്‍ അകപ്പെടുക എന്ന ഘട്ടമെത്തിയതോടെയാണ് കേസില്‍ നിന്നും പതുക്കെ തലയൂരുന്നത്.
കേസില്‍ ആദ്യം ആരോപണവിധേയനായിരുന്ന അജ്‌നാസിന്റെ പേരിലുള്ള എഫ്ബി ലിങ്കില്‍ കിരണ്‍ദാസിന്റെ പ്രൊഫൈലാണ് അടിസ്ഥാന ഐഡിയായുള്ളത്. ഫറോക്ക് സ്വദേശിയായ കിരണ്‍ദാസ് ബിജെപിയുടെ സജീവപ്രവര്‍ത്തകനാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. അജ്‌നാസ് അജ്‌നാസ് എന്ന പേരില്‍ കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ കമന്റിട്ടത് കിരണ്‍ ദാസ് എന്ന ഐഡിയില്‍ നിന്നു നിര്‍മിച്ച വ്യാജ പേരില്‍ നിന്നാണെന്ന് ഖത്തറിലുള്ള അജ്‌നാസ് ആരോപിച്ചിരുന്നു. അതിന് പിന്നാലെ കിരണ്‍ ദാസിന്റെ അക്കൗണ്ട് ജനുവരിയില്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു എന്നതിന് തെളിവുണ്ടെന്ന അവകാശവാദവുമായി അഭിലാഷ് മലയില്‍ എന്ന സംഘപരിവാര്‍ പ്രവര്‍ത്തകന്‍ ഫേസ്ബുക്കിലൂടെ രംഗത്തുവന്നു. കേസന്വേഷണം കിരണ്‍ദാസിലേക്കു നീങ്ങുമെന്ന ഘട്ടം വന്നതോടെ അഭിലാഷ് മലയില്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ ഡിലീറ്റ് ചെയ്തിരിക്കുകയാണ്. പോലിസ് അന്വേഷണം കിരണ്‍ ദാസിലേക്ക് നീളുന്നുവെന്നു കണ്ടതിന് പിന്നാലെയുള്ള ഈ മലക്കം മറിച്ചില്‍ സംശയാസ്പദമാണെന്ന് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ ഉയരുന്നുണ്ട്.
കഴിഞ്ഞ ജനുവരി 26ന് ആണ് കെ സുരേന്ദ്രന്റെ മകള്‍ക്കെതിരെ മോശം കമന്റിട്ട സംഭവത്തില്‍ ഖത്തറില്‍ ജോലി ചെയ്യുന്ന അജിനാസ് എന്നയാള്‍ക്കെതിരെ പോലിസ് കേസെടുത്തത്. ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി കെ സജീവന്റെ പരാതിയിലാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ പീന്നീട് അജ്‌നാസ് അല്ല പ്രതിയെന്നും അജ്‌നാസിന്റെ പേരില്‍ വ്യാജ ഐഡി നിര്‍മിച്ച കിരണ്‍ദാസ് എന്ന ഐഡിക്കു പിന്നിലെ ആള്‍ ആണ് പ്രതിയെന്നും തെളിഞ്ഞു. ഇതോടെയാണ് കേസന്വേഷണം പെട്ടെന്ന് മന്ദീഭവിച്ചത്.