കേരളത്തില്‍ നിന്ന് പുറപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികള്‍ ഒഡീഷയിലെത്തി; തൊഴിലാളികള്‍ക്ക് ഊഷ്മളമായ സ്വീകരണം

Update: 2020-05-03 05:39 GMT

ഗന്‍ജം: കേരളത്തില്‍ നിന്ന് പുറപ്പെട്ട് ഒഡീഷയിലെ ഗന്‍ജത്തിലെത്തിയ തൊഴിലാളികള്‍ക്ക് ഗന്‍ജം ജില്ലാ ഭരണകൂടം നല്‍കിയത് ഊഷ്മളമായ വരവേല്‍പ്പ്. എല്ലാ തൊഴിലാളികളെയും ബാച്ച് തിരിച്ച് ആരോഗ്യപരിശോധനയ്ക്ക് വിധേയമാക്കി. എല്ലാ തൊഴിലാളികളോടും സാമൂഹികഅകലം പാലിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

''എല്ലാവര്‍ക്കും സ്വാഗതം, കേരളത്തില്‍ നിന്നുള്ള ആദ്യ പ്രത്യേക ട്രയിന്‍ ഗന്‍ജമിലെ ജെഎന്‍പി സ്റ്റേഷനിലെത്തി. എല്ലാവരെയും ആരോഗ്യവകുപ്പ് വിശദമായി പരിശോധിച്ചു. ഗന്‍ജം ടീമിലെ എല്ലാവര്‍ക്കും നന്ദി. ഒഡീഷ മുഖ്യമന്ത്രിയും ആരോഗ്യകുടുംബക്ഷേമ വകുപ്പിനും നന്ദി''- ഗന്‍ജം കലക്ടര്‍ ട്വീറ്റ് ചെയ്തു.

രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ കുടുങ്ങിയവരെ തിരികെയെത്തിക്കാന്‍ ട്രയിന്‍ അനുവദിച്ചതോടെയാണ് തൊഴിലാളികള്‍ക്ക് നാട്ടിലെത്താന്‍ സാധിച്ചത്. തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, ടൂറിസ്റ്റുകള്‍ തുടങ്ങി വിവിധ വിഭാത്തിലുള്ളവര്‍ക്കും ഇതുപോലെ തിരിച്ചുപോരാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

ഓരോ സംസ്ഥാനവും ആവശ്യപ്പെടുന്നതിനനുസരിച്ചാണ് കേന്ദ്രം ട്രയിന്‍ അനുവദിക്കുന്നത്. അതുപ്രകാരം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ തൊഴിലാളികള്‍ സ്വന്തം നാടുകളിലേക്ക് തിരികെപ്പോയിക്കൊണ്ടിരിക്കുകയാണ്. 

Tags:    

Similar News