ഗോഡ്‌സെ ദേശഭക്തനെങ്കില്‍ ഗാന്ധിജി രാജ്യദ്രോഹിയാണോയെന്ന് ഉമര്‍ അബ്ദുല്ല
ഗോഡ്‌സെ ദേശഭക്തനാണെന്നും അദ്ദേഹത്തെ തീവ്രവാദിയെന്ന് വിളിക്കുന്നവര്‍ പുനപരിശോധന നടത്തണമെന്നുമുള്ള പ്രജ്ഞാ സിങിന്റെ പരാമര്‍ശം ഏറെ വിവാദമായിരുന്നു
ശ്രീനഗര്‍: ഗാന്ധി ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെ ദേശഭക്തനാണെന്ന ബിജെപി സ്ഥാനാര്‍ഥിയും മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയുമായ പ്രജ്ഞാസിങ് താക്കൂറിന്റെ പരാമര്‍ശത്തിനെതിരേ ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഉമര്‍ അബ്ദുല്ല രംഗത്ത. ഗോഡ്‌സെ ദേശഭക്തനാണെങ്കില്‍ മഹാത്മാഗാന്ധി രാജ്യദ്രോഹിയാണോ എന്നായിരുന്നു ട്വിറ്ററില്‍ ഉമര്‍ അബ്ദുല്ലയുടെ പ്രതികരണം. ഗോഡ്‌സെ ദേശഭക്തനാണെന്നും അദ്ദേഹത്തെ തീവ്രവാദിയെന്ന് വിളിക്കുന്നവര്‍ പുനപരിശോധന നടത്തണമെന്നുമുള്ള പ്രജ്ഞാ സിങിന്റെ പരാമര്‍ശം ഏറെ വിവാദമായിരുന്നു. വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ പരാമര്‍ശത്തെ തള്ളി ബിജെപി രംഗത്തെത്തുകയും പരസ്യമായി മാപ്പ് പറയാന്‍ ആവശ്യപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് പ്രസ്താവന പിന്‍വലിച്ചിരുന്നു.