ഒമിക്രോണ്‍: മുംബൈയില്‍ വിദേശത്തുനിന്നു മടങ്ങിയ നൂറോളം പേരെ കണ്ടെത്താനായില്ല
മുംബൈ: രാജ്യത്ത് ഒമിക്രോണ്‍ രോഗബാധ വര്‍ധിച്ചുവരുന്നതിനിടയില്‍ വിദേശത്തുനിന്ന് മടങ്ങിയവരെ കണ്ടെത്താനാവാതെ മഹാരാഷ്ട്ര. 295 പേരാണ് വിദേശത്തുനിന്ന് മുംബൈയിലും സമീപപ്രദേശങ്ങൡും തിരിച്ചെത്തിയതെങ്കിലും അതില്‍ 109 പേരുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പിന് ഇതുവരെ ലഭിച്ചിട്ടില്ല. അവരെ കണ്ടെത്താനും കഴിഞ്ഞില്ല.
തിരിച്ചെത്തിയ പലരും മൊബൈല്‍ ഫോണ്‍ ഓഫാക്കിയിരിക്കുകയാണെന്ന് കല്യാന്‍ ഡോംബിവിലി മുനിസിപ്പല്‍ കോര്‍പറേഷന്‍ ചീഫ് വിജയ് സൂര്യവിനാഷ് പറഞ്ഞു.
ചിലര്‍ നല്‍കിയ വിലാസത്തില്‍ അങ്ങനെയൊരാള്‍ താമസിക്കുന്നില്ല. ചിലരുടെ വീടുകള്‍ പൂട്ടിക്കിടക്കുകയാണ്.
കേന്ദ്രത്തിന്റെ ഹൈ റിസ്‌ക് പട്ടികയിലുള്ള വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഏഴ് ദിവസത്തെ ക്വാറന്റീനും തുടര്‍ന്ന് പരിശോധനയും നിര്‍ബന്ധമാണ്.
നെഗറ്റീവ് ആയാലും ഇത്തരക്കാര്‍ വീണ്ടും ഏഴ് ദിവസം ഹോം ക്വാറന്റീനില്‍ പോകണം. ആരും ക്വാറന്റീന്‍ ലംഘിക്കുന്നില്ലെന്ന് ഹൗസിങ് സൊസൈറ്റി അംഗങ്ങള്‍ ഉറപ്പാക്കണം. വിവാഹങ്ങളിലും കൂട്ടായ്മകളിലും ലംഘനങ്ങള്‍ നടക്കുന്നില്ലെന്നും ഉറപ്പാക്കണം.
കഴിഞ്ഞ ദിവസം രണ്ട് പേര്‍ക്കു കൂടി മുംബൈയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ ആകെ രോഗബാധിതരുടെ എണ്ണം 10 ആയി. ആകെ 23 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.