ഒമിക്രോണ്‍ വകഭേദം: കേന്ദ്രം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ്
കൊറോണ വൈറസിന്റെ പുതിയ വകഭേദം സംബന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന് പിന്നാലെ സംസ്ഥാനത്തും ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: ഒമിക്രോണ്‍ സംബന്ധിച്ച് കേന്ദ്രം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൊറോണ വൈറസിന്റെ പുതിയ വകഭേദം സംബന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന് പിന്നാലെ കേരളത്തിലും ജാഗ്രതാ നിര്‍ദ്ദേശം
കൊവിഡ് പ്രോട്ടോകോള്‍ എല്ലാവരും പാലിക്കണം. വ്യക്തിപരമായ ജാഗ്രത എല്ലാവരും പുലര്‍ത്തണമെന്നത് അത്യന്താപേക്ഷിതമാണ്. വിദേശത്ത് നിന്ന് വരുന്നവര്‍ ക്വാറന്റൈന്‍ ഉറപ്പാക്കണമെന്നും ആരോഗ്യ മന്ത്രി മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
കൊവിഡ് ദക്ഷിണാഫ്രിക്കന്‍ വകഭേദത്തെക്കുറിച്ച് കേന്ദ്രത്തില്‍ നിന്ന് ജാഗ്രതാ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കും. കേന്ദ്ര നിര്‍ദേശമനുസരിച്ചുള്ള നടപടികളാണ് സ്വീകരിച്ച് വരുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തില്‍ എത്തുന്നവര്‍ക്ക് യാത്രയ്ക്ക് 48 മണിക്കൂര്‍ മുമ്പ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തുന്നുണ്ട്. കൂടാതെ സംസ്ഥാനത്ത് എത്തിയ ശേഷം വീണ്ടും ടെസ്റ്റ് നടത്തണം. കേന്ദ്ര മാനദണ്ഡങ്ങളനുസരിച്ച് നിലവില്‍ തുടരുന്ന ക്വാറന്റൈനും നിര്‍ബന്ധമായും പാലിക്കണമെന്നും ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.