ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ ഒരു ദിവസംകൊണ്ട് ഇരട്ടിച്ചു; രോഗബാധ 24 രാജ്യങ്ങളിലേക്കുകൂടി വ്യാപിച്ചു
ജോഹനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ പുതുതായി കണ്ടെത്തിയ ഒമിക്രോണ്‍ ഒരു ദിവസം കൊണ്ട് ഇരട്ടിയിലധികം പേരെ ബാധിച്ചുവെന്ന് റിപോര്‍ട്ട്. നാല് ആഴ്ച മുമ്പാണ് ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ വകഭേദത്തെ തിരിച്ചറിഞ്ഞത്. ജൊഹനസ്ബര്‍ഗടക്കമുള്ള ദക്ഷിണാഫ്രിക്കന്‍ പ്രവിശ്യകളില്‍ കഴിഞ്ഞ ആഴ്ച സ്ഥിരീകരിച്ച 1,100 പുതിയ കേസുകളില്‍ 90 ശതമാനവും ഒമിക്രോണ്‍ ബാധയാണ്. പ്രതിദിന രോഗബാധ ദിവസം ചെല്ലും തോറും ഇരട്ടിക്കുകയാണ്. ഇപ്പോഴത് 8,561 ആണ്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ കമ്മ്യൂണിക്കബിള്‍ ഡിസീസ് ആണ് കണക്കുകള്‍ പുറത്തുവിട്ടത്.
അതേസമയം വിവിധ രാജ്യങ്ങള്‍ തങ്ങളുടെ അതിര്‍ത്തികള്‍ അടച്ചുപൂട്ടുന്നതിനിടയില്‍ 24 രാജ്യങ്ങളിലേക്ക് രോഗബാധ വ്യാപിച്ചു. യൂറോപ്യന്‍ രാജ്യങ്ങളിലാണ് പ്രധാനമായും രോഗം ബാധിച്ചിട്ടുള്ളത്.
ദക്ഷിണാഫ്രിക്കയില്‍ നിന്നോ സമീപ രാജ്യങ്ങളില്‍ നിന്നോ വന്ന യാത്രികരുടെ വിവരങ്ങള്‍ നല്‍കാന്‍ വ്യോമയാന കമ്പനികളോട് അമേരിക്ക ആവശ്യപ്പെട്ടു. 24 രാജ്യങ്ങളിലേക്ക് കൂടി ഒമിക്രോണ്‍ വ്യാപിച്ചെന്ന ലോകാരോഗ്യ സംഘടനയുടെ റിപോര്‍ട്ട് പുറത്തുവന്നതോടെയാണ് യുഎസ് നടപടി തീവ്രമാക്കിയത്.
ഒമിക്രോണ്‍ കൂടുതല്‍ മാരകമായേക്കാമെന്ന സൂചന ഇപ്പോള്‍ത്തന്നെ തകര്‍ച്ച നേരിടുന്ന സാമ്പത്തിക, ധന, വിപണി രംഗങ്ങളെ വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
വാക്‌സിനുകള്‍ക്ക് ഒമിക്രോണിനെ പൂര്‍ണമായി പ്രതിരോധിക്കാന്‍ കഴിയില്ലെങ്കിലും മരണങ്ങളും ആശുപത്രി വാസവും പരമാവധി ഒഴിവാക്കാനാവും.
ദക്ഷിണാഫ്രിക്കയില്‍ ആദ്യം കണ്ടെത്തിയ ഒമിക്രോണ്‍ ഇന്നത്തോടെ യുഎസ്സിലും തെക്കന്‍ കൊറിയയിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. സ്വീഡന്‍, യുഎസ്, തെക്കന്‍ കൊറിയ, ബ്രിട്ടന്‍, ജര്‍മനി, നെതര്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക്, ബെല്‍ജിയം, ഇസ്രായേല്‍, ഇറ്റലി, ചെക് റിപബ്ലിക്, സ്വിറ്റ്‌സര്‍ലെന്‍ഡ് തുടങ്ങി 24 രാജ്യങ്ങളിലാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.