മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനുള്ളില്‍ 198 പേര്‍ക്ക് ഒമിക്രോണ്‍; മുംബൈയില്‍ കൊവിഡ് കേസുകളില്‍ ഒരാഴ്ചകൊണ്ട് അഞ്ചിരട്ടി വര്‍ധന
മുംബൈ: മൂന്നാം കൊവിഡ് തരംഗത്തിന്റെ ഭീതി പടരുന്നതിനിടയില്‍ മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനുള്ളില്‍ 198 പേര്‍ക്ക് ഒമിക്രോണ്‍ ബാധിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മാത്രം 5,368 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 37 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. പുതിയ വകഭേദം അതീവ പ്രസരണശേഷിയുള്ളതാണെന്നാണ് നിഗമനം.
മുംബൈയില്‍ മാത്രം കഴിഞ്ഞ ദിവസം 3,671 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 46 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകളുള്ള നഗരവും മുംബൈയാണ്.
വ്യാഴാഴ്ച വൈകീട്ട് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സംസ്ഥാനത്തെ കൊവിഡ് ടാസ്‌ക് ഫോഴ്‌സുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ പുതിയ വ്യാപനത്തിനു പിന്നില്‍ ഒമിക്രോണാണെന്നാണ് കരുതുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സംസ്ഥാനം മഹാരാഷ്ട്രയാണ്, 66,65,386 പേര്‍.
ഇതുവരെ മഹാരാഷ്ട്രയില്‍ 450 പേര്‍ക്ക് ഒമിക്രോണ്‍ ബാധിച്ചു. ഇന്ത്യയില്‍ 960 പേര്‍ക്ക് ഒമിക്രോണ്‍ ബാധിച്ചു.
മുംബൈയില്‍ കഴിഞ്ഞ ഒരാഴ്ചകൊണ്ട് അഞ്ചിരട്ടിയാണ് കൊവിഡ് കേസുകളിലുണ്ടായ വര്‍ധന. കഴിഞ്ഞ വെള്ളിയാഴ്ച 683 പേര്‍ക്കാണ് മുംബൈയില്‍ കൊവിഡ് ബാധിച്ചിരുന്നത്.
രാജ്യത്തെ ഒമിക്രോണ്‍ വ്യാപനത്തെ തടഞ്ഞുനിര്‍ത്തുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചുവെന്നും ഭീതിവേണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.
ഡല്‍ഹി, കൊല്‍ക്കത്ത, ബെംഗളൂരു തുടങ്ങിയ രാജ്യത്തെ വന്‍ നഗരങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്.