രാജ്യത്ത് 26 പേര്‍ക്ക് ഒമിക്രോണ്‍; മാസ്‌ക് ഉപയോഗം കുറഞ്ഞതായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ 26 പേര്‍ക്ക് കൊവിഡ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചവരില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ തീവ്രമല്ല.
രാജ്യത്ത് ഇപ്പോള്‍ 25 ഒമിക്രോണ്‍ രോഗികളാണ് ഉള്ളത്. ആകെ കൊവിഡ് വകഭേദങ്ങളില്‍ 0.04 ശതമാനം മാത്രമാണ് ഇതെന്ന് ആരോഗ്യ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.
ഒരു ഒമിക്രോണ്‍ രോഗി വിദേശിയായിരുന്നു, അദ്ദേഹം രാജ്യം വിട്ടു.
ഡിസംബര്‍ 1നു ശേഷം രാജ്യത്ത് അന്താരാഷ്ട്ര യാത്രികരില്‍ 93 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ 83 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. 13 പേര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ലോകത്ത് ഇതുവരെ 59 രാജ്യങ്ങളിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
നവംബര്‍ 24 വരെ 2 രാജ്യങ്ങളിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇപ്പോള്‍ 59 രാജ്യങ്ങളില്‍ ഒമിക്രോണ്‍ കണ്ടെത്തിയിട്ടുണ്ട്. 59 രാജ്യങ്ങളിലായി 2,936 കേസുകളാണ് ഉള്ളത്. അതിനു പുറമെ 78,054 പേര്‍ക്ക് രോഗസാധ്യതയും സംശയിക്കുന്നു. അവരുടെ ജീനോം പരിശോധന നടക്കുന്നുണ്ട്.
അതിനിടയില്‍ രാജ്യത്ത് കൊവിഡ് ആരോഗ്യനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. മാസ്‌കുകളുടെ ഉപയോഗം കുറഞ്ഞിട്ടുണ്ട്.
രണ്ട് ഡോസ് വാക്‌സിനും മാസ്‌കും നിര്‍ബന്ധമാണെന്ന് നീതി ആയോഗം ആരോഗ്യവിഭാഗം അംഗം ഡോ. വി കെ പോള്‍ പറഞ്ഞു.
രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.73 ശതമാനമാണ്. അതില്‍ 10,000 കേസുകള്‍ 14 ദിവസത്തിനുള്ളിലാണ് സ്ഥിരീകരിച്ചത്.