റിയോ ഡി ജനീറോ: ബ്രസീലില്‍ രണ്ട് പേര്‍ക്ക് കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ ദമ്പതിമാര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്.
രോഗം ബാധിച്ചവരില്‍ ഒരാള്‍ 47 വയസ്സുള്ള പുരുഷനും രണ്ടാമത്തെയാള്‍ 37കാരിയായ സ്ത്രീയുമാണ്. രണ്ട് പേരെയും ക്വാറന്റീനിലാക്കി. നവംബര്‍ 25ന് രണ്ട് പേരുടെയും സാംപിള്‍ പരിശോധന നടത്തിയിരുന്നു.
നവംബര്‍ 23നാണ് ഇരുവരും ബ്രസീലിലെത്തിയത്. രണ്ട് ദിവസം മുന്‍പ് ആര്‍ടിപിസിആര്‍ പരിശോധന നടത്തി. അവരുടെ പരിശോധനാ ഫലം വിമാനത്താവളത്തില്‍ വച്ചുതന്നെ ലഭിച്ചു. പോസിറ്റീവായതോടെ വീടുകളില്‍ സമ്പര്‍ക്കവിലക്കില്‍ കഴിയാന്‍ നിര്‍ദേശിച്ചു. ആരോഗ്യ പ്രവര്‍ത്തകരുടെ നിരീക്ഷണത്തിലാണ് ഇരുവരും കഴിയുന്നത്.
ബ്രസീലില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ചവരല്ല ഇവര്‍. നേരത്തെ വാക്‌സിന്‍ എടുത്തിട്ടുണ്ടോയെന്നും വ്യക്തമല്ല. സൗത്ത് ആഫ്രിക്കയില്‍ താമസക്കാരായ ഇരുവരും ബ്രസീലില്‍ സന്ദര്‍ശനത്തിനുവന്നതാണ്. അവര്‍ ഏത് രാജ്യക്കാരാണെന്ന കാര്യം പുറത്തുവിട്ടിട്ടില്ല.