ഛത്തിസഗഢ്: ഛത്തിസ്ഗഢിലും ആന്ധ്രപ്രദേശിലും ആദ്യത്തെ കൊവിഡ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. ഛത്തിസ്ഗഢില്‍ രണ്ട് വാക്‌സിനുകളും എടുത്ത 20 വയസ്സായ പുരുഷനാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയ ഇയാള്‍ക്ക് ഡിസംബര്‍ ഒന്നിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. പിന്നീട് നടത്തിയ ജീനോം സീക്വന്‍സിങ്ങിലാണ് ഒമിക്രോണ്‍ ബാധ തിരിച്ചറിഞ്ഞത്.
ആന്ധ്രയില്‍ ആദ്യത്തെ കേസാണ് ഇന്ന് സ്ഥിരീകരിച്ചത്. കര്‍ണാടകയിലും ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കര്‍ണാടയില്‍ മൂന്നാമത്തെയാള്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 36 ആയി.
ഛത്തിസ്ഗഢില്‍ രോഗം സ്ഥിരീകരിച്ചയാള്‍ നവംബര്‍ 22നാണ് ഇറ്റലിയില്‍ നിന്നെത്തിയത്. ഇറ്റലിയില്‍ സ്ഥിരതാമസമായ ഇയാള്‍ ബന്ധുവിനെ കാണാനാണ് നാട്ടിലെത്തിയത്. കൊവിഡ് സ്ഥിരീകരിക്കുമ്പോള്‍ ഹോം ക്വാറന്റീനിലായിരുന്നു.
ആന്ധ്രപ്രദേശില്‍ അയര്‍ലന്‍ഡില്‍ നിന്ന് തിരിച്ചെത്തിയ 34 വയസ്സുകാരനാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആദ്യ രോഗബാധയാണ് ഇത്.
നവംബര്‍ 27നാണ് ഇയാള്‍ നാട്ടിലെത്തിയത്. ആര്‍ടിപിസിആര്‍ പരിശോധനയില്‍ പോസിറ്റീവായതിനെത്തുടര്‍ന്ന് ജീനോം സീക്വന്‍സിങ്ങിനയച്ചു.
കര്‍ണാടയില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിയെത്തിയ 34 കാരനാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ 15 സെക്കന്‍ഡറി കോണ്‍ടാക്റ്റുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരുടെ സാംപിളുകള്‍ പരിശോധനക്കയച്ചു.