രാജ്യത്തെ നാല് സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍; രോഗബാധയില്‍ മുന്നില്‍ മഹാരാഷ്ട്ര
ന്യൂഡല്‍ഹി: രാജ്യത്ത ഇതുവരെ നാല് സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുളളത്.
ഇന്ത്യയില്‍ ഇതുവരെ 23 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലെ മുംബൈയിലാണ് അവസാനം ഒമിക്രോണ്‍ സ്ഥിരീകരിച്ചത്, രണ്ട് പേര്‍ക്ക്. ഇതോടെ മഹാരാഷ്ട്രയിലെ ആകെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 10 ആയി.
ബ്രിഹാന്‍ നഗര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ റിപോര്‍ട്ടനുസരിച്ച് ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ 37 വയസ്സുകാരന് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. നവംബര്‍ 25നാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. അദ്ദേഹത്തിന്റെ പെണ്‍സുഹൃത്തിനും രോഗം ബാധിച്ചു, അവര്‍ യുഎസ്സില്‍ നിന്നെത്തിയതാണ്.
മുംബൈയിലെ ആദ്യ രണ്ട് ഒമിക്രോണ്‍ രോഗികള്‍ ഇവരാണ്. രണ്ട് പേരും രണ്ട് വാക്‌സിനും എടുത്തവരാണ്.
താനെയിലെ 33 വയസ്സുകാരനും ഒമിക്രോണ്‍ സ്ഥിരീകരിച്ചു.
നവംബര്‍ ഒന്നു മുതല്‍ മുംബൈയില്‍ വിദേശത്തുനിന്നെത്തിയവരെ പ്രത്യേകം പരിശോധിക്കുന്നുണ്ട്. അതില്‍ 16 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതില്‍ 12 പേര്‍ പുരുഷന്മാരും നാലുപേര്‍ സ്ത്രീകളുമാണ്.
ഡിസംബര്‍ 5നു ശേഷം ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്ന് 4,480 പേര്‍ രാജ്യത്തെത്തി.
മുംബൈയ്ക്കു മുമ്പ് പൂനെയില്‍ നൈജീരിയയില്‍ നിന്നെത്തിയ ആറ് പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഫിന്‍ലന്‍ഡില്‍ നിന്നെത്തിയ ഒരാള്‍ക്കു കൂടി പൂനെയില്‍ രോഗം ബാധിച്ചു.
രാജസ്ഥാനില്‍ 9, കര്‍ണാടകയില്‍ 2, ഗുജറാത്തില്‍ 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്ക്.
ദക്ഷിണാഫ്രിക്കയിലാണ് ഒമിക്രോണ്‍ ആദ്യം സ്ഥിരീകരിച്ചത്, കഴിഞ്ഞ മാസം അവസാനം. ഇപ്പോള്‍ ഏകദേശം രണ്ട് ഡസന്‍ രാജ്യങ്ങളില്‍ രോഗവ്യാപനം നടന്നുകഴിഞ്ഞു.
ജാഗ്രത പാലിക്കേണ്ട കൊവിഡ് വകഭേദമായാണ് ലോകാരോഗ്യ സംഘടന ഒമിക്രോണിനെ കാണുന്നത്.