ഒമിക്രോണ്‍: ന്യൂയോര്‍ക്കില്‍ കുട്ടികളുടെ ആശുപത്രി പ്രവേശം വര്‍ധിക്കുന്നു; പകുതിയും അഞ്ചു വയസ്സിനു താഴെയുള്ളവര്‍

Update: 2021-12-27 01:51 GMT

വാഷിങ്ടണ്‍: ഒമിക്രോണ്‍ വ്യാപനം വര്‍ധിക്കുന്ന അമേരിക്കയില്‍ നിന്ന് പുറത്തുവരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്ന വാര്‍ത്തകള്‍. ഒമിക്രോണ്‍ വ്യാപനത്തോടെ കുട്ടികള്‍ ആശുപത്രിയിലെത്തുന്നതിന്റെ എണ്ണം കൂടിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പുതിയ സാഹചര്യത്തില്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ വൈറ്റ് ഹൗസ് തീരുമാനിച്ചു.

കൊവിഡ് വകഭേദമായ ഒമിക്രോണ്‍ പടര്‍ന്നുപിടിക്കുന്നതിനൊപ്പം കുട്ടികളെ കൂടുതലായി ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവരുന്നുണ്ട്. ന്യൂയോര്‍ക്കില്‍ മാത്രം നാല് ഇരട്ടിയോളം കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നത്. ഡിസംബര്‍ 5 മുതലാണ് 18 വയസ്സിനു താഴെയുള്ളവര്‍ കൂടുതലായി ചികില്‍സ തേടിയത്.

ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടവന്നവരില്‍ പകുതിയോളം അഞ്ച് വയസ്സിനു താഴെയുള്ളവരാണ്.

കഴിഞ്ഞ 7 ദിവസമായി യുഎസ്സില്‍ പ്രതിദിനം 1,90,000 ഓളം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. ക്രിസ്മസ് പോലുളള ആഘോഷങ്ങളും ഒഴിവുകാലവും വ്യാപനത്തിന്റെ തോത് വര്‍ധിപ്പിച്ചു.  

കൊവിഡിന്റെ പുതിയ വകഭേദം വലിയ പ്രസരണശേഷിയുള്ളതാണെന്ന റിപോര്‍ട്ട് നേരത്തെ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഈ വകഭേദത്തില്‍ ആശുപത്രിപ്രവേശം കുറവാണെന്നാണ് കരുതപ്പെട്ടിരുന്നത്. 

Tags:    

Similar News