ഒമിക്രോണ്‍ കൂടുതല്‍ മാരകം: സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യ വകുപ്പ്
ന്യൂഡല്‍ഹി: ഒമിക്രോണ്‍ വകഭേദം രാജ്യത്ത് പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയ സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ വകുപ്പ് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ ഒപ്പിട്ട കത്താണ് സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളത്. ഒമിക്രോണ്‍ വ്യാപനത്തിന്റെ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചാണ് കത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഡല്‍റ്റ വകഭേദത്തേക്കാള്‍ മൂന്നിരട്ടി പ്രസരണശേഷിയുള്ളതാണ് ഒമിക്രോണ്‍ എന്ന് കത്തില്‍ പറയുന്നു.
കഴിഞ്ഞ ആഴ്ചയേക്കാള്‍ പത്ത് ശതമാനം കൂടുതല്‍ കൊവിഡ് വ്യാപനം നടന്നതോ, കൊവിഡ് കിടക്കകളുടെ ശേഷിയുടെ 40 ശതമാനവും രോഗികളെ പ്രവേശിപ്പിച്ചിരിക്കുകയും ചെയ്തിരിക്കുന്ന ജില്ലകളിലാണ് കൂടുതല്‍ ജാഗ്രത പാലിക്കേണ്ടത്. ഒമിക്രോണോടൊപ്പം ഡല്‍റ്റയും പല സംസ്ഥാനങ്ങളിലും വ്യാപിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കാര്യങ്ങള്‍ ഗുരുതരമാവും മുമ്പ് പഴയ പോലെ വാര്‍ റൂമും സജ്ജമാക്കണം.
ചികില്‍സാ സൗകര്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള അടിയന്തര ഫണ്ട്, കൂടുതല്‍ ആശുപത്രി കിടക്കകള്‍, ഐസിയുകള്‍, ആംബുലന്‍സ് സംവിധാനം, ഓക്‌സിജന്‍ അനുബന്ധ ഉപകരണങ്ങള്‍, മരുന്നുകള്‍ തുടങ്ങിയവയും സജ്ജീകരിക്കണം.
വീടുവീടാന്തരം കയറിയിറങ്ങിയ പരിശോധന, സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കല്‍, ഒമിക്രോണ്‍ ക്ലസ്റ്റര്‍ സാംപിളിങ്, കൂടിയ അളവിലുള്ള വാക്‌സിനേഷന്‍ എന്നിവ വര്‍ധിപ്പിക്കണമെന്നതുമാണ് മറ്റ് നിര്‍ദേശങ്ങള്‍.