ഒമിക്രോണ്‍: പാരീസില്‍ നൂറിലൊരാള്‍ കൊവിഡ് പോസിറ്റീവ്; യൂറോപ്പ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

Update: 2021-12-27 06:44 GMT

പാരീസ്: നവംബര്‍ 24ന് ആദ്യമായി ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഒമിക്രോണ്‍ കൊവിഡ് വകഭേദം യൂറോപ്പില്‍ പടര്‍ന്നുപിടിക്കുന്നു. ലോകത്ത് ഇതുവരെ നൂറ് രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. യുഎസ്സില്‍ ഏറ്റവും കൂടുതല്‍ വ്യാപനം നടക്കുന്നതും ഒമിക്രോണാണ്.

യൂറോപ്പിലെ സ്ഥിതി കടുത്തതാണെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബ്രിട്ടനില്‍ പ്രതിദിനം ഒരു ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്.

ആകെയുള്ള മരണങ്ങളില്‍ കഴിഞ്ഞ ആഴ്ചയിലെ കണക്കുവച്ച് 53 ശതമാനവും യൂറോപ്പിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. 22 ശതമാനം മരണം കാനഡയിലും യുഎസ്സിലുമാണ് രേഖപ്പെടുത്തിയത്.

ബ്രിട്ടനില്‍ കഴിഞ്ഞ ദിവസം 1,22,186 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ലണ്ടനിലെ വലിയൊരു ശതമാനം പേരും വൈറസ് വാഹകരാണെന്നാണ് കരുതുന്നത്. ഒമിക്രോണാണ് പുതിയ രോഗവ്യാപനത്തിനു പിന്നില്‍. ബ്രിട്ടനില്‍ കാണുന്ന പ്രധാന വകഭേദവും ഒമിക്രോണ്‍ ആണ്. ക്രിസ്മാസ് ആഘോഷത്തിനു ശേഷം പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്.

ഫ്രാന്‍സില്‍ 1,00,000 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസത്തേക്കാള്‍ ആശുപത്രിവാസം വര്‍ധിച്ചിട്ടുണ്ട്. പാരിസിലെ 100 പേരില്‍ ഒരാള്‍ക്ക് കൊവിഡാണ്. അടുത്ത ദിവസങ്ങളില്‍ ഫ്രാന്‍സില്‍ പ്രധാന വകഭേദം ഒമിക്രോണ്‍ ആയിരിക്കും.

പ്രസിഡന്റ് ഇമാനുവല്‍ മക്രോണ്‍ കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

അയല്‍ രാജ്യങ്ങളായ ഫ്രാന്‍സിലും ബ്രിട്ടനിലും പുതിയ വകഭേദം മുന്നിലെത്തിയതോടെ ബെല്‍ജിയം പുതുതായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നെതര്‍ലന്‍ഡ് ഭാഗിക ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. സ്‌കൂളുകള്‍ അവധി നീട്ടി. ഇറ്റലി, വെയില്‍സ്, അയര്‍ലണ്ട് എന്നീ രാജ്യങ്ങളും ഭാഗിക ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു.

Tags:    

Similar News