ഒമിക്രോണ്‍: 40 വയസ്സിനു മുകളിലുളളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന് സാര്‍സ് കൊവ് 2 ജിനോം കണ്‍സോര്‍ഷ്യം
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ നാല്‍പ്പത് വയസ്സിനു മുകളില്‍ കൊവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന് സാര്‍സ് കൊവ് 2 ജിനോം കണ്‍സോര്‍ഷ്യം കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.
കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ രണ്ട് പേര്‍ക്ക് ഒമിക്രോണ്‍ കൊവിഡ് വകഭേദം സ്ഥിരീകരിച്ചിരുന്നു.
പ്രത്യേക പ്രായത്തിനു മുകളിലുള്ളവരിലും കടുത്ത രോഗങ്ങളുള്ളവരും വാക്‌സിന്‍ എടുക്കാത്തവര്‍ക്കും ആന്റിബോഡിയുടെ അളവ് കുറവുള്ളവര്‍ക്കും ഒമിക്രോണ്‍ പ്രതിരോധമുണ്ടാകുന്നതിന് ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്നാണ് 28 ലാബറട്ടറികളുടെ കണ്‍സോര്‍ഷ്യമായ ഐഎന്‍എസ്എസിഒജി ശുപാര്‍ശ ചെയ്തത്. തങ്ങളുടെ ബുള്ളറ്റിനിലൂടെയാണ് അക്കാര്യം അറിയിച്ചത്.
രാജ്യത്തെ കൊവിഡിന്റെ വകഭേദം, പ്രസരണം, അപകടസാധ്യതകള്‍ എന്നിവയെക്കുറിച്ച് പഠനം നടത്തി സര്‍ക്കാരിന് ആവശ്യമായ വിവരങ്ങള്‍ കണ്ടെത്തി കൈമാറുന്നവരാണ് ഐഎന്‍എസ്എസിഒജി.
ഒമക്രോണിന്റെ സാന്നിധ്യം തുടക്കത്തിലേ കണ്ടെത്തുന്നതിന് ജിനോം നിരീക്ഷണം പ്രധാനമാണ്. ജനങ്ങളുടെ യാത്രകള്‍, സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കല്‍ എന്നിവ ലാബ് പരിശോധനയ്‌ക്കൊപ്പം ചെയ്യേണ്ടതുണ്ട്.
യുഎസ്സിലും യുകെയിലും നാല്‍പ്പത് വയസ്സിനു മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നുണ്ട്.
അമേരിക്കന്‍ പകര്‍ച്ചവ്യാധി സ്‌പെഷ്യലിസ്റ്റ് ആന്റണി ഫൗസിയും ബൂസ്റ്റര്‍ ഡോസിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രതിരോധശേഷി കുറഞ്ഞവരില്‍ ഒമിക്രോണ്‍ അപകട സാധ്യത വര്‍ധിപ്പിക്കുമെന്ന് ഐഎന്‍എസ്എസിഒജിയും മുന്നറിയിപ്പു നല്‍കി.