ഒമിക്രോണ്‍: കര്‍ണാടക മുഖ്യമന്ത്രി ആരോഗ്യവിദഗ്ധരും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി
ബെംഗളൂരു: ഇന്ത്യയിലെ ആദ്യത്തെ ഒമിക്രോണ്‍ വൈറസ് ബാധ കര്‍ണാടകയില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ ആരോഗ്യ വിദഗ്ധരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു. കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ നേരിടുന്നതിനുളള ബഹുമുഖ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് യോഗം വിളിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ സൂപ്രണ്ടുമാരും ഡീനുകളും ആരോഗ്യമന്ത്രിയും യോഗത്തില്‍ പങ്കെടുത്തു.
സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ബൊമ്മൈ കേന്ദ്ര സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചു. നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സസിലാണ് സാംപിള്‍ പരിശോധന നടന്നത്.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മുഖ്യമന്ത്രി വിദഗ്ധരുടെ അഭിപ്രായം തേടി.
ബെംഗളൂരുവിലെ 46 വയസ്സുള്ള ഡോക്ടര്‍ക്കാണ് ഒമിക്രോണ്‍ ബാധിതരില്‍ ഒരാള്‍. അദ്ദേഹം പക്ഷേ, മറ്റ് രാജ്യങ്ങളിലേക്ക് ഈ കാലയളവില്‍ യാത്ര ചെയ്തിട്ടില്ല. നവംബര്‍ 21നാണ് അദ്ദേഹത്തിന് രോഗബാധയുണ്ടായത്.
കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി ഇന്ത്യയിലെത്തിയ സൗത്ത് ആഫ്രിക്കകാരനാണ് രണ്ടാമന്‍. 66 വയസ്സുകാരനായ ഈ രോഗി നവംബര്‍ 20നാണ് രാജ്യത്തെത്തിയത്. ഏഴ് ദിവസത്തിനു ശേഷം ദുബയിലേക്ക് പോയി.
വ്യാഴാഴ്ച ബൊമ്മൈ കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.