ഒമിക്രോണ്‍ വകഭേദം പടര്‍ന്നുപിടിക്കുന്നു; സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ വകഭേദം പടര്‍ന്നുപിടിക്കുന്നതിനോടൊപ്പം കൊവിഡ് വ്യാപനവും വര്‍ധിക്കുന്നു. 23 സംസ്ഥാനങ്ങളിലായി 1,700 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. അതില്‍ മഹാരാഷ്ട്രയാണ് മുന്നില്‍. ഡല്‍ഹി തൊട്ടുപിന്നിലുണ്ട്. ഗുജറാത്തും തമിഴ്‌നാടും കേരളവുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.
കൊവിഡിനെ പ്രതിരോധിക്കാന്‍ സംസ്ഥാനങ്ങള്‍ ശക്തമായ നടപടികള്‍ കൈക്കൊണ്ടു. പല സംസ്ഥാനങ്ങളും രാത്രി കര്‍ഫ്യൂവും കൂട്ടംചേരലുകളില്‍ നിയന്ത്രണവും കൊണ്ടുവന്നു. നിയന്ത്രണമേര്‍പ്പെടുത്തിയ പ്രധാന സംസ്ഥാനങ്ങളുടെ പട്ടിക ഇതാ:
മഹാരാഷ്ട്ര
കൊവിഡ് വ്യാപനം തീവ്രമായതോടെ മഹാരാഷ്ട്രയില്‍ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സാമൂഹിക, മത, രാഷ്ട്രീയ പരിപാടികള്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50ആയി നിജപ്പെടുത്തിയിട്ടുണ്ട്. സംസ്‌കാരച്ചടങ്ങുകളില്‍ 20 പേര്‍ക്ക് പങ്കെടുക്കാം. മുംബൈ പോലിസ് നഗരത്തില്‍ 144 പ്രഖ്യാപിച്ചു. ജനുവരി ഏഴ് വരെയാണ് നിരോധനാജ്ഞയ്ക്ക് പ്രാബല്യമുള്ളത്.
ഡല്‍ഹി
ഡല്‍ഹിയില്‍ 3,194 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. മുന്‍ ദിവസം അത് 2,716 ആയിരുന്നു. മെയ് 20നു ശേഷം ഇത്രയധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. പോസിറ്റിവിറ്റി നിരക്ക് 4.59 ശതമാനം.
ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാര്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സ്‌കൂളുകള്‍, കോളജുകള്‍, സിനിമാ തിയ്യറ്ററുകള്‍, യോഗ സ്റ്റുഡിയോ തുടങ്ങിയവ അടച്ചിട്ടിരിക്കുകയാണ്. രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. പോസിറ്റിവിറ്റി നിരക്ക് ഇനിയും വര്‍ധിച്ചാല്‍ കൂടുതല്‍ നിയന്ത്രണങ്ങളുണ്ടാവും.
കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണം 1,621 ആയി. കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണം 3,000 കടക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ഹരിയാന
ഹരിയാനയില്‍ സര്‍വകലാശാലകളും കോളജുകളും രണ്ടാഴ്ചത്തേക്ക് അടച്ചു. ജനുവരി 12 വരെയാണ് അടയ്ക്കുന്നത്. സര്‍ക്കാര്‍, സ്വകാര്യ, പ്രഫഷണല്‍ കോളജുകളും സ്വകാര്യ സര്‍വകലാശാലകളടക്കമുള്ളവയും അടച്ചിട്ടുണ്ട്. രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് നിയന്ത്രണം. പൊതുപരിപാടികളില്‍ 200 പേര്‍ക്കുവരെ പങ്കെടുക്കാം.
ഛണ്ഡീഗഢ്
പൊതുസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് പോലിസ് നിയന്ത്രണമേര്‍പ്പെടുത്തി. ഹോട്ടലുകള്‍, കോഫി ഷോപ്പുകള്‍ എന്നിവയില്‍ ശേഷിയുടെ 50 ശതമാനം പേരെ പ്രവേശിപ്പിക്കാം. എവിടെയും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമാണ് പ്രവേശനം.
ബംഗാള്‍
ന്യൂഡല്‍ഹി, മുംബൈ തുടങ്ങിയ മെട്രോകളില്‍ നിന്നുള്ള വ്യോമഗതാഗതത്തിന് നിയന്ത്രണം. കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച നഗരങ്ങളായതിനാണ് ഈ നിയന്ത്രണം. സ്‌കൂളുകളും കോളജുകളും അടച്ചിട്ടു. ജീവനക്കാരില്‍ പകുതി പേരെ വച്ച് ഓഫിസുകള്‍ പ്രവര്‍ത്തിക്കും. രാത്രി 10 മുതല്‍ രാവിലെ അഞ്ച് വരെ കര്‍ഫ്യൂ, അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും. ഏഴ് ദിവത്തിനിടയില്‍ 14 ഇരട്ടി കൊവിഡ് വ്യാപനം നടന്നു.
തെലങ്കാന
തെലങ്കാനയില്‍ റാലികളും പൊതുപരിപാടികളും നിരോധിച്ചു. പൊതുസ്ഥലങ്ങളില്‍ മാസ്‌കുകള്‍ നിര്‍ബന്ധമായും വയ്ക്കണം. സാമൂഹിക അകലം പാലിക്കണം. സ്ഥാപനങ്ങളില്‍ താപ പരിശോധനയുണ്ടാവും. ജനുവരി പത്ത് വരെയാണ് ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ തുടരുക.
തമിഴ്‌നാട്
തമിഴ് നാട്ടില്‍ റാലികളും കൂടിച്ചേരലുകളും നിയന്ത്രിക്കും. മാളുകള്‍, തിയ്യറ്ററുകള്‍, ജ്വല്ലറികള്‍, വസ്ത്രവ്യാപാര കടകള്‍, ബ്യൂട്ടി പാര്‍ലര്‍, ഷോറൂമുകള്‍ എന്നിവയില്‍ ശേഷിയുടെ 50 ശതമാനം പേര്‍ക്ക് പ്രവേശനം നല്‍കാം. മെട്രോ ട്രെയിനുകള്‍ക്കും പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണമുണ്ട്.
ഗുജറാത്ത്
ഗുജറാത്തില്‍ ചില പ്രദേശങ്ങളില്‍ രാത്രി കര്‍ഫ്യൂ നിലവിലുണ്ട്. അഹമ്മദാബാദ്, വഡോദര, സൂറത്ത്, രാജ്‌കോട്ട് , ഭവ്‌നഗര്‍, ജാംനഗര്‍, ഗാന്ധിനഗര്‍ എന്നിവിടങ്ങളിലാണ് രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്.
കര്‍ണാടക
കര്‍ണാടകയില്‍ 10 ദിവസത്തെ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഡിസംബര്‍ 27നായിരുന്നു പ്രഖ്യാപനം. പൊതുപരിപാടികള്‍ക്ക് നിയന്ത്രണമുണ്ട്.
ഹോട്ടലുകള്‍ പോലുള്ളവയ്ക്ക് ശേഷിയുടെ 50 ശതമാനം പേരെ പ്രവേശിപ്പിക്കാം. മഹാരാഷ്ട്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളേട് ചേര്‍ന്ന പ്രദേശങ്ങളില്‍ പോലിസ് നിരീക്ഷണം ശക്തമാക്കി.