അഞ്ചര പതിറ്റാണ്ടുകാലം മാപ്പിളപ്പാട്ടില്‍ സജീവമായശേഷമാണ് പീര്‍ മുഹമ്മദ് രംഗമൊഴിയുന്നത്. തമിഴ്‌നാട്ടില്‍ ജനിച്ച് തലശ്ശേരിയില്‍ ജീവിച്ച് രണ്ട് വ്യത്യസ്ത സമൂഹങ്ങളുടെ ആദരമേറ്റുവാങ്ങിയ പാട്ടുകാരന്‍. മാപ്പിളപ്പാട്ടുകാരന്‍ തമിഴ്മുരുക ഭക്തിഗാനങ്ങളുടെ ഉപാസകനാവുക. ആ അത്ഭുതവും പീര്‍ മുഹമ്മദിനു തന്നെ.
യേശുദാസ് എല്ലാ മതഭക്തിഗാനങ്ങളും പാടിയിട്ടുണ്ട്. പക്ഷേ, യേശുദാസിനോട് സമൂഹത്തിനുള്ള കാഴ്ചയല്ല പീര്‍ മുഹമ്മദിനോട്. യേശുദാസ് ഒരു വൈകാരികതയ്ക്കപ്പുറം പ്രഫഷണലാണ്. പീര്‍ മുഹമ്മദാകട്ടെ അടിക്കടി ഒരു മതപരമായ സ്വത്വത്തോടെയാണ് ഗായകനെന്ന നിലയിലാണെങ്കിലും നമ്മുടെ മനസ്സില്‍ നില്‍ക്കുന്നത്. അതങ്ങനെയായിരിക്കുമ്പോഴാണ് അദ്ദേഹം തമിഴ് ഭക്തിയുടെയും ഭാഗമായത്. സൗന്ദരരാജനും മറ്റും പാടിത്തിമിര്‍ത്ത തമിഴ് വൈകാരിക ഭക്തിയുടെ അതേ തട്ടകത്തില്‍തന്നെയാണ് പീര്‍ മുഹമ്മദും കൈവച്ചത്.
പീര്‍ മുഹമ്മദിനേക്കാള്‍ പ്രശസ്തമായിരുന്നു അദ്ദേഹം ആലപിച്ച മാപ്പിളപ്പാട്ടുകള്‍. കാഫ് മല കണ്ട പൂങ്കാറ്റേ/ കാണിക്ക നീ കൊണ്ടുവന്നാട്ടെ/ കാരക്ക കായ്ക്കുന്ന നാടിന്റെ മധുവൂറും കിസ്സ പറഞ്ഞാട്ടെ.....'യും 'ഒട്ടകങ്ങള്‍ വരിവരിവരിയായ് കാരയ്ക്ക മരങ്ങള്‍ നിരനിരനിരയായ്... 'യും ആസ്വദിച്ച മലയാളികള്‍ പക്ഷേ, അത് പീര്‍ മുഹമ്മദിന്റേതാണെന്ന് അറിയണമെന്നില്ല.
പി ടി അബ്ദുറഹ്മാന്റെ ഗാനങ്ങളാണ് അദ്ദേഹം ഈണം നല്‍കി പാടിയത്. ഓരോ വരി കാണുമ്പോഴും അതിനുപറ്റിയ സംഗീതം മനസ്സില്‍ തോന്നുമായിരുന്നുവെന്ന് ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 'കാഫ് മല'യും 'ഒട്ടകവു'മൊക്കെ അങ്ങനെ പുറത്തുവന്നവയാണ്. 'അഴകേറുന്നോളെ വാ കാഞ്ചനമാല്യം ചൂടിക്കാന്‍', 'പടവാള് മിഴിയുള്ളോള് പഞ്ചാര മൊഴിയുള്ളോള്' തുടങ്ങിയ പാട്ടുകള്‍ ഒരുകാലത്ത് കല്യാണ വീടുകളെ രസിപ്പിച്ചു. ഇന്നും ആ ഗാനങ്ങളുടെ 'പുതുമ' നശിച്ചിട്ടില്ല.
കുട്ടിക്കാലത്തെ അദ്ദേഹം എച്ച്എംവിയില്‍ പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. പട്ടം സദന്‍ എന്ന ഗായകനൊപ്പം 'കാമുകന്‍ വന്നു കാമുകിയെ കണ്ട്', 'വരുമോ മകളെ പുതിയൊരു ലോകം കാണാനായി' എന്ന ഗാനം റെക്കോര്‍ഡ് ചെയ്തു. എ ടി ഉമ്മറിന്റെ പാട്ടുകളും ഇക്കാലത്താണ് പാടിത്തുടങ്ങിയത്. ബി വസന്ത, കല്ല്യാണി മേനോന്‍, സുജാത എന്നിവര്‍ക്കൊപ്പമായിരുന്നു കൂടുതലും.
എട്ടാം വയസ്സില്‍ പാടിത്തുടങ്ങിയെങ്കിലും തലശ്ശേരിയില്‍ നിന്നാണ് അദ്ദേഹം തന്റെ പാട്ട് ജീവിതം കണ്ടെത്തുന്നത്. തലശ്ശേരിയിലെ ജനത സംഗീത സഭ അക്കാലത്ത് പ്രശസ്തമാണ്. അവരുടെ പല സ്റ്റേജ് പരിപാടികളിലും പീര്‍ മുഹമ്മദ് പങ്കെടുത്തു. പതിയെപ്പതിയെ അദ്ദേഹം പ്രശസ്തനായി. അദ്ദേഹം ആലപിച്ച റഫി സാഹിബന്റെ പാട്ടുകള്‍ ഗാനമേളകളുടെ ഹരമായിരുന്നു. ഒരു കാലത്ത് ഉല്‍സവങ്ങളിലെ സ്ഥിരം പാട്ടുകാരനായിരുന്നു അദ്ദേഹം. മുരുക ഭക്തിഗാനങ്ങള്‍ സ്റ്റേജിലും ഹിറ്റായിരുന്നു.
1975ആയതോടെ മാപ്പിളപ്പാട്ടിനെ തന്റെ ജീവിതത്തിന്റെ ഭാഗമായി അദ്ദേഹം തിരഞ്ഞെടുത്തു.
എ ടി ഉമ്മറിലൂടെയാണ് അദ്ദേഹം സിനിമാപ്പാട്ട് രംഗത്തെത്തുന്നത്. 'തേന്‍തുള്ളി'യും 'അന്യരുടെ ഭൂമി'യിലും അദ്ദേഹം ഗാനമാലപിച്ചു. തേന്‍തുള്ളിയിലെ പാട്ട് കെ രാഘവന്‍ മാസ്റ്ററാണ് ചിട്ടപ്പെടുത്തിയത്. തന്റെ ശബ്ദം നായയന്മാര്‍ക്ക് ചേരില്ലെന്ന് അദ്ദേഹം കരുതിയിരുന്നു. അതുകൊണ്ടാണ് സിനിമയില്‍ സജീവമാകാന്‍ മടിച്ചത്. ദേവരാജന്‍ മാസ്റ്റര്‍ ഒരു ഗാനം പീര്‍ മുഹമ്മദിനെക്കൊണ്ട് പാടാന്‍ വച്ചിരുന്നെങ്കിലും അത് നടന്നില്ല. അതൊരു വേദനയായി പീര്‍ മുഹമ്മദില്‍ അവശേഷിച്ചിരുന്നു.
പീര്‍ മുഹമ്മദിന്റെ എരഞ്ഞോളി മൂസയുടെയും മാപ്പിളപ്പാട്ട് മല്‍സരം ഒരു കാലത്ത് മലബാറിലും വിദേശത്തും ആരാധകരെ രസിപ്പിച്ചു. മല്‍സരങ്ങള്‍ കൂടുതല്‍ നടന്നത് വിദേശത്തായിരുന്നു.
ഒരു പാട്ട് മല്‍സരത്തില്‍ വി എം കുട്ടിയെ കൃത്രിമമായി വിജയിപ്പിക്കാന്‍ ശ്രമിച്ച സംഭവം പല അഭിമുഖങ്ങളിലും അദ്ദേഹം അല്‍പ്പം നീരസത്തോടെ പങ്കുവച്ചിരുന്നു. വി എം കുട്ടിയ്ക്ക് മൂക്കില്‍ നിന്ന് രക്തം വരുന്ന അസുഖമുള്ളതുകൊണ്ട് അദ്ദേഹത്തെ വിജയിപ്പിക്കണമെന്നായിരുന്നു സംഘാടകരുടെ ആവശ്യം. വി എം കുട്ടിയെത്തന്നെ സംഘാടകര്‍ വിജയിപ്പിച്ചു. മൂക്കില്‍ നിന്ന് രക്തം വരുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണണം പാട്ട് മല്‍സരത്തില്‍ ജയിക്കുകയാണോ വേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
മലയാളിയുടെ ഗള്‍ഫ് കാസറ്റുകാലത്ത് പീര്‍ മുഹമ്മദുണ്ട്. സ്റ്റേജ് ഷോകള്‍ കാണാന്‍ ആരാധകര്‍ ക്യൂ നിന്നപോലെ കാസറ്റുകളും ധാരാളം വിറ്റുപോയി. പരിപാടിക്കിടയില്‍ നോട്ട് മാലകള്‍ വന്നുവീണതിന് കണക്കില്ല. ഒരു പതിറ്റാണ്ടായി പീര്‍ മുഹമ്മദ് സ്റ്റേജ് ഷോ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.
മാപ്പിളപ്പാട്ടിനെ വൈകാരികമായി കണ്ട ഒരു തലമുറയുടെ പ്രതിനിധിയാണ് പീര്‍ മുഹമ്മദ്. ആ തലമുറയിലെ പ്രധാനമായ ഒരു ശബ്ദമാണ് ഇന്ന് നിലച്ചത്. പക്ഷേ, ആ ഗാനങ്ങള്‍ നമ്മെ വിട്ടുപോവില്ലെന്നത് അതുപോലെത്തന്നെ ഉറപ്പാണ്.