സ്വന്തം വ്യക്തിത്വത്തില്‍ ഉറപ്പില്ലാത്തയാള്‍ ഹിന്ദുമതത്തെ നിര്‍വചിക്കുന്നു; രാഹുല്‍ ഗാന്ധിക്കെതിരേ യോഗി ആദിത്യനാഥ്

Update: 2022-02-12 13:16 GMT

പുരി: വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിയുടെ വ്യക്തിത്വത്തെ ചോദ്യം ചെയ്ത് യുപി മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യോഗി ആദിത്യനാഥ്. രാഹുലിന്റെ മുത്തച്ഛന്‍ ആകസ്മികമായി ഹിന്ദുവായ ഒരാളായാണ് സ്വയം കരുതിയിരുന്നതെന്നും യോഗി ആദിത്യനാഥ് പരിഹസിച്ചു. ഉത്തരാഖണ്ഡിലെ കോത്വാറില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് യോഗി രാഹുലിനെതിരേ ആഞ്ഞടിച്ചത്. 

'സ്വന്തം വ്യക്തിത്വം സംശയാസ്പദമായ ഒരാള്‍ ഇപ്പോള്‍ ഹിന്ദുമതത്തിന് നിര്‍വചനം നല്‍കുന്നു. രാഹുല്‍ ഗാന്ധി ഹിന്ദുമതത്തിന്റെ നിര്‍വചനം നല്‍കിയത് കേട്ട് ഞാന്‍ അദ്ഭുതപ്പെട്ടു. രാഹുലിന്റെ മുത്തച്ഛന്‍  'ആകസ്മിക ഹിന്ദു' എന്നാണ് സ്വയം വിളിച്ചതെന്ന് അദ്ദേഹത്തോട് പറയണം. ഹിന്ദുക്കളായതില്‍ അഭിമാനിക്കാത്തവര്‍ ഹിന്ദുമതത്തിന് നിര്‍വചനം നല്‍കരുത്. ഹിന്ദുക്കളായതില്‍ അഭിമാനിക്കുന്നവര്‍ക്ക് അത് അനുവദിക്കാനാവില്ല. ഉത്തരാഖണ്ഡിന് സ്വത്വ പ്രതിസന്ധി സൃഷ്ടിക്കാന്‍ ആരെയും അനുവദിക്കരുത്. ഹിന്ദു ഒരു വര്‍ഗീയമായ പദപ്രയോഗമല്ലെന്നും സംസ്‌കാരമാണെന്നും ഹിന്ദു ദേവഭൂമിയുടെ അര്‍ത്ഥമറിയാത്തവര്‍ക്ക് അധികാരത്തിലെത്താന്‍ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഗാന്ധി കുടുംബത്തെ കഠിമായി ആക്രമിച്ച യോഗി ആദിത്യനാഥ് കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യത്തെ പൂര്‍ണമായും നശിപ്പിച്ചുവെന്നും എന്തെങ്കിലും ബാക്കിയുണ്ടായിരുന്നെങ്കില്‍ അത് രാഹുലും പ്രിയങ്കയും ചേര്‍ന്ന് നശിപ്പിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഉത്തര്‍പ്രദേശ് നാല് ഗാന്ധി കുടുംബാഗങ്ങളെ പാര്‍ലമെന്റിലെത്തിച്ചു. പക്ഷേ, അവരില്‍ ഒരാളുടെ മകന്‍ കേരളത്തിലേക്ക് പോയപ്പോള്‍ അവര്‍ യുപിയെ കുറ്റം പറയുന്നു. വിദേശത്തേക്കു പോകുമ്പോള്‍ അവര്‍ ഇന്ത്യയെ കുറ്റപ്പെടുത്തും- യോഗി പറഞ്ഞു. 

Tags:    

Similar News