തൃശൂർ: തൃശൂർ ജില്ലയിൽ 'ഓപ്പറേഷൻ ഷവർമ്മ' യുടെ ഭാഗമായി ജനുവരി 3 മുതൽ 185 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. പരിശോധനയിൽ കണ്ടെത്തിയ നിയമലംഘനങ്ങളിൻ മേൽ 58 സ്ഥാപനങ്ങൾക്ക് തുടർ നടപടികൾക്കായി തൃശൂർ അസിസ്റ്റന്റ് കമ്മീഷണറുടെ മുമ്പാകെ ഹാജരാകാൻ നിർദ്ദേശിച്ച് നോട്ടിസ് നൽകി. ഇതിൽ 23 സ്ഥാപനങ്ങൾക്ക് 123000 രൂപ പിഴ ഈടാക്കിയിട്ടുണ്ട്. 14 സ്ഥാപനങ്ങൾക്ക് പോരായ്മകൾ പരിഹരിക്കുന്നതിനുള്ള നോട്ടിസ് നൽകി. ഭക്ഷ്യ വസ്തുക്കളുടെ 22 സാമ്പിളുകൾ ശേഖരിച്ചു. സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കും. 6 സ്ഥാപനങ്ങൾ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നത് അടച്ചുപൂട്ടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. രാത്രി കാലങ്ങളിൽ ഹോട്ടലുകളിലും തട്ടുകടകളിലും പരിശോധനകൾ തുടർന്നുവരുന്നുണ്ട്.