എ രാജയില്‍ നിന്ന് 500 രൂപവീതം പിഴ ഈടാക്കണം; സ്പീക്കര്‍ തിരഞ്ഞെടുപ്പിലെ വോട്ട് റദ്ദാക്കണമെന്നും വിഡി സതീശന്‍

ആദ്യ സത്യപ്രതിജ്ഞ നിയമപ്രകാരമല്ലാതിരുന്ന സാഹചര്യത്തില്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത് ചട്ടവിരുദ്ധമാണെന്നാണ് പ്രതിപക്ഷ ആരോപണം.

Update: 2021-06-02 10:39 GMT

തിരുവനന്തപുരം: സാമാജികനല്ലാതെ സഭയില്‍ ഇരുന്നതിന് ദിവസം 500 രൂപവെച്ച് പിഴ ഈടാക്കണമെന്നും സ്പീക്കര്‍ തിരഞ്ഞെടുപ്പിലെ രാജയുടെ വോട്ട് റദ്ദാക്കണമെന്നും പ്രതിപക്ഷം സ്പീക്കറോട് ആവശ്യപ്പെട്ടു. ദേവികുളം എംഎല്‍എ എ രാജയുടെ സത്യപ്രതിജ്ഞയിലാണ് പ്രതിപക്ഷം ആക്ഷേപമുന്നയിച്ചത്. ആദ്യ സത്യപ്രതിജ്ഞ ക്രമപ്രകാരമല്ലാത്തതിനെ തുടര്‍ന്നാണ് രാജ ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്.

ആദ്യ സത്യപ്രതിജ്ഞ നിയമപ്രകാരമല്ലാതിരുന്ന സാഹചര്യത്തില്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത് ചട്ടവിരുദ്ധമാണെന്നാണ് പ്രതിപക്ഷ ആരോപണം. സാമാജികനല്ലാതെ സഭയില്‍ മൂന്നുദിവസം ഇരുന്നതിന് ദിവസം 500 രൂപവെച്ച് പിഴ ഈടാക്കണമെന്നുമാണ് ആവശ്യം. ഇക്കാര്യം നിയമവിദഗ്ദ്ധരുമായി ആലോചന നടത്തിയ ശേഷം തീരുമാനമെടുക്കുമെന്ന് സ്പീക്കര്‍ എംബി രാജേഷ് അറിയിച്ചു.

ഇന്ന് രാവിലെ സ്പീക്കറുടെ ചേംബറിലെത്തിയാണ് എ രാജ സത്യപ്രതിജ്ഞ ചെയ്തത്. തമിഴില്‍ തന്നെയായിരുന്നു ഇത്തവണയും സത്യപ്രതിജ്ഞ. ആദ്യ സത്യപ്രതിജ്ഞയില്‍ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ രാജ പറഞ്ഞിരുന്നില്ല. നിയമവകുപ്പ് ഭാഷാന്തരം ചെയ്തപ്പോഴുണ്ടായ പിഴവിനെ തുടര്‍ന്നായിരുന്നു ഇത്. പ്രോടേം സ്പീക്കര്‍ പിടിഎ റഹീമിന് മുമ്പാകെയായിരുന്നു ആദ്യ സത്യപ്രതിജ്ഞ.

Tags:    

Similar News