പ്രതിപക്ഷ കക്ഷികളുടെ യോഗ സാധ്യത; രാഹുലിന് പിന്നാലെ അഖിലേഷിനെയും മായാവതിയെയും കണ്ട് ചന്ദ്രബാബു നായിഡു
ലഖ്‌നൗ: പ്രതിപക്ഷ കക്ഷികളുടെ യോഗത്തിനുള്ള സാധ്യത സജീവമാക്കി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. രാഹുല്‍ ഗാന്ധിയെ കണ്ടതിന് പിന്നാലെ അദ്ദേഹം ലഖ്‌നൗവിലെത്തി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെയും ബിഎസ്പി അധ്യക്ഷ മായാവതിയെയും കണ്ടിരിക്കുകയാണ്. ഫലം വരാന്‍ ഇനി ദിവസങ്ങള്‍ മാത്രം മുന്നില്‍ നില്‍ക്കെ പ്രതിപക്ഷത്തെ ശക്തിപ്പെടുത്താനാണ് നായിഡുവിന്റെ ശ്രമം.
ഡൽഹിയില്‍ രാഹുല്‍ ഗാന്ധിയെ കണ്ടതിന് ശേഷമാണ് നായിഡു ഉത്തര്‍പ്രദേശിലെത്തിയത്. എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിനെയും അദ്ദേഹം കണ്ടിരുന്നു. മെയ് 23ന് പ്രതിപക്ഷ യോഗം ചേരാനാണ് ഈ നീക്കം. യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിപക്ഷ യോഗം ചേരുന്നത്. നേരത്തെ തന്നെ സോണിയ പ്രമുഖ നേതാക്കളെ വിളിച്ച് യോഗത്തില്‍ പങ്കെടുക്കാനായി ക്ഷണിച്ചിരുന്നു.
ചന്ദ്രബാബു നായിഡു കഴിഞ്ഞ ദിവസം സിപിഎം നേതാവ് സീതാറാം യെച്ചൂരിയുമായും ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെയും കണ്ട് ചര്‍ച്ച നടത്തിയിരുന്നു. ടിആര്‍എസിനെയും ചന്ദ്രബാബു നായിഡു സഖ്യത്തിലേക്ക് ക്ഷണിച്ചിരുന്നു. ബിജെപിയെ എതിര്‍ക്കുന്ന ഏത് പാര്‍ട്ടിയെയും സഖ്യത്തിലേക്ക് ക്ഷണിക്കുകയാണെന്നും ചന്ദ്രബാബു നായിഡു പറഞ്ഞിരുന്നു. അതേസമയം കെ ചന്ദ്രശേഖര്‍ മറ്റൊരു വശത്ത് മൂന്നാം മുന്നണിക്കായി ശ്രമം നടത്തുന്നുണ്ട്.
അതേസമയം നായിഡുവിന്റെ നീക്കങ്ങള്‍ ഫലം കാണുമെന്നാണ് സൂചന. പ്രമുഖ കക്ഷികള്‍ ശത്രുത മറന്ന് എത്താനാണ് സാധ്യത. മായാവതിയും അഖിലേഷും സഖ്യത്തിന്റെ ഭാഗമാകാനാണ് സാധ്യത. ഡിഎംകെയും ആര്‍ജെഡിയും ഒപ്പം എത്തും. മമത ബാനര്‍ജി എത്തുന്ന സാഹചര്യത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.