ദുരന്തനിവാരണ പദ്ധതി ഫലപ്രദമല്ലെന്ന് പ്രതിപക്ഷം; വിദേശ കാലാവസ്ഥ ഏജന്‍സികളുടെ സേവനം പണം നല്‍കി വാങ്ങുന്നുണ്ടെന്ന് മന്ത്രി
പല ജില്ലകളിലും പല പ്രശ്‌നമാണ്. കൃത്യമായ ജില്ലാതലത്തിലുള്ള ഫലപ്രദമായ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാന്‍ നിലവില്ല.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ പ്രവചനങ്ങളില്‍ ഗുരുതര വീഴ്ചയെന്ന് പ്രതിപക്ഷം നിയമസഭയില്‍. ദുരന്തനിവാരണ പദ്ധതി ഫലപ്രദമല്ലെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ നിയമസഭയില്‍ ആരോപിച്ചു. 'പല ജില്ലകളിലും പല പ്രശ്‌നമാണ്. കൃത്യമായ ജില്ലാതലത്തിലുള്ള ഫലപ്രദമായ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാന്‍ നിലവില്ല. ഇത് പ്രവര്‍ത്തനങ്ങളെ വല്ലാതെ ബാധിക്കുന്നുണ്ട്'. എന്നാല്‍ നാല് വിദേശകാലാവസ്ഥ പ്രവചന ഏജന്‍സികളുടെ മുന്നറിയിപ്പുകള്‍ കേരളം പണം നല്‍കി വാങ്ങി തുടങ്ങിയെന്ന് മന്ത്രി കെ രാജന്‍ സഭയില്‍ പറഞ്ഞു. മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ കാര്യക്ഷമമായ ദുരന്തനിവാരണ സംവിധാനം പ്രവര്‍ത്തിക്കുന്നുവെന്നും മന്ത്രി സഭയില്‍ പറഞ്ഞു.
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കാസര്‍കോട് ഒഴികെയുള്ള പതിമൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് മലയോര മേഖലയില്‍ കൂടുതല്‍ ജാഗ്രത വേണം. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിന് സമീപത്തും ബംഗാള്‍ ഉള്‍ക്കടലിലും നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുമാണ് മഴ ശക്തമാകാന്‍ കാരണം. ഒറ്റപ്പെട്ട മഴ തുടരുന്നതിനാല്‍ പത്തനംതിട്ട ജില്ലയില്‍ പ്രഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല. കക്കി ആനത്തോട് ഡാമിന്റെ ന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് ദിവസത്തില്‍ രണ്ട് ഉരുള്‍പൊട്ടലുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയതത്. 2019ന് ശേഷം തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍ നാശം വിതയ്ക്കുന്നു.കാലാവസ്ഥയിലും ഭൂപ്രകൃതിയിലും സംഭവിച്ച മാറ്റങ്ങളാണ് ഈ മിന്നല്‍ പ്രളയങ്ങള്‍ക്ക് കാരണമാകുന്നത്. കിഴക്കന്‍ മലയോരങ്ങള്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളായി ഓരോ മഴയത്തും അപകട ഭീതിയിലാണ്. അപൂര്‍വ പ്രതിഭാസമായിരുന്ന ഉരുള്‍പൊട്ടലുകള്‍ ഇപ്പോള്‍ വര്‍ഷാവര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്.മേഘ വിസ്‌ഫോടനം, ലഘുമേഘവിസ്‌ഫോടനം, നമ്മുടെ മലയോരങ്ങളിലെ ഭൂവിനിയോഗത്തിലെ മാറ്റങ്ങള്‍, ഇവയാണ് പേമാരിക്കാലത്ത് നമ്മുടെ മലകളെടുക്കുന്നത്.