സജി ചെറിയാന്റെ രാജി ആവശ്യവുമായി പ്രതിപക്ഷം;നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

ബഹളത്തെ തുടര്‍ന്ന് ശൂന്യവേളയും ചോദ്യോത്തരവേളയും റദ്ദാക്കി

Update: 2022-07-06 04:41 GMT

തിരുവനന്തപുരം:മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ പ്രക്ഷുബ്ദം. മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും സഭ ചേര്‍ന്ന ഉടന്‍ പ്രതിപക്ഷ അംഗങ്ങള്‍ രംഗത്തെത്തിയതോടെ നിയമ സഭ ഇന്നത്തേക്ക് പിരിഞ്ഞു.

ബഹളത്തെ തുടര്‍ന്ന് ശൂന്യവേളയും ചോദ്യോത്തരവേളയും റദ്ദാക്കി.ചോദ്യോത്തരവേള നിര്‍ത്തിവച്ച് അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചു.കീഴ്‌വഴക്കം അതല്ലെന്ന് സ്പീക്കര്‍ മറുപടി നല്‍കിയതോടെ പ്രതിപക്ഷം മുദ്രാവാക്യം വിളി ആരംഭിച്ചു.തുടര്‍ന്ന് ധനാഭ്യര്‍ഥനകള്‍ അംഗീകരിച്ച ശേഷം സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ എം ബി രാജേഷ് പ്രഖ്യാപിക്കുകയായിരുന്നു.

പ്രതിപക്ഷ ബഹളത്തിന്റെ ദൃശ്യങ്ങള്‍ സഭാ ടിവി കാണിച്ചില്ല. സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ പ്രഖ്യാപിച്ചതോടെ പുറത്തിറങ്ങിയ പ്രതിപക്ഷം നിയമസഭാ വളപ്പിലെ അംബേദ്കര്‍ പ്രതിമയ്ക്ക് താഴെ മുദ്രാവാക്യം വിളികളുമായി പ്രതിഷേധം നടത്തി. ജയ് ഭീം മുദ്രാവാക്യം മുഴക്കിയും ഭരണഘടനാ ശില്‍പ്പിയുടെ ഫോട്ടോ ഉയര്‍ത്തിയും ആയിരുന്നു പ്രതിപക്ഷ പ്രതിഷേധം.

അതേസമയം, സ്പീക്കറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു.സജി ചെറിയാന്‍ പറഞ്ഞത് ആര്‍എസ്എസിന്റെ അഭിപ്രായമാണെന്നും,ഇത്തരത്തില്‍ പറയാന്‍ ആരാണ് സജി ചെറിയാന് ധൈര്യം നല്‍കിയതെന്നും വി ഡി സതീശന്‍ ചോദിച്ചു. മന്ത്രിയുടെ രാജിയില്‍ കവിഞ്ഞ് മറ്റൊന്നുമില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയിലെ സിപിഎം പരിപാടിക്കിടേയായിരുന്നു മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്. ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യയിലേതെന്നും,ബ്രിട്ടീഷുകാര്‍ പറഞ്ഞുകൊടുത്തത് അതേപടി പകര്‍ത്തുകയായിരുന്നെന്നും മന്ത്രി പറഞ്ഞു.'മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മള്‍ എല്ലാവരും പറയും.ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു.രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. അതില്‍ കുറച്ച് ഗുണങ്ങളൊക്കെ മുക്കിലും മൂലയിലുമൊക്കെയുണ്ട്.മതേതരത്വം,ജനാധിപത്യം,കുന്തവും കൊടച്ചക്രവുമൊക്കെ അതിന്റെ മൂലയില്‍ എഴുതി വച്ചിട്ടുണ്ട്,സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഇതിന്റെ ഉദ്ദേശം' എന്നുമായിരുന്നി സജി ചെറിയാന്റെ വാക്കുകള്‍.പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞ ദിവസം നിയമസഭയില്‍ മന്ത്രി സജി ചെറിയാന്‍ ഖേദപ്രകടനം നടത്തിയിരുന്നു.



Tags:    

Similar News