'സര്‍ക്കാര്‍- ഗവര്‍ണര്‍ ഭായ് ഭായ്'; നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്രതിഷേധവുമായി പ്രതിപക്ഷം

Update: 2023-01-23 06:36 GMT

തിരുവനന്തപുരം: നിയമസഭയില്‍ ഗവര്‍ണര്‍ക്കും സര്‍ക്കാരിനുമെതിരേ പ്രതിഷേധവുമായി പ്രതിപക്ഷം. ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത് മുതല്‍ പ്രതിപക്ഷം പ്ലക്കാര്‍ഡുയര്‍ത്തി പ്രതിഷേധിച്ചു. നയപ്രഖ്യാപനത്തില്‍ കേന്ദ്രത്തിനെതിരായ വിമര്‍ശനം മയപ്പെടുത്തിയത് ഒത്തുതീര്‍പ്പിന്റെ ഭാഗമായാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സര്‍ക്കാര്‍- ഗവര്‍ണര്‍ ഭായ് ഭായ് എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടും പ്രതിപക്ഷം പ്രതിഷേധിച്ചു.

ഗവര്‍ണര്‍- സര്‍ക്കാര്‍ ഒത്തുകളി, സിപിഎമ്മും സംഘപരിവാറും ഒരേ തൂവല്‍ പക്ഷികള്‍, കശ്മീരിലെ തേയിലയ്ക്ക് സ്വാദ് കൂടും, ഒത്തുതീര്‍പ്പിന് വേഗത കൂടും, ഇടനിലക്കാര്‍ സജീവം, ആര്‍എസ്എസ് നോമിനിയുമായി ഒത്തുതീര്‍പ്പുണ്ടാക്കി പിണറായി സര്‍ക്കാര്‍, എല്‍ഡിഎഫ്-ബിജെപി- ഗവര്‍ണര്‍ കൂട്ടുകെട്ട് ലക്ഷ്യം എന്ത്?, സിപിഎമ്മിനും ബിജെപിക്കുമിടയിലെ പാലം ആരാണ്? തുടങ്ങിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. ഗവര്‍ണര്‍ സഭയില്‍ എത്തിയപ്പോഴായിരുന്നു പ്രതിപക്ഷം പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചത്.

ഫെബ്രുവരി ഒന്ന്, രണ്ട് തിയ്യതികളില്‍ ഗവര്‍ണറുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ച നടക്കും. തുടര്‍ന്ന് മൂന്നിനാണ് ബജറ്റ് അവതരണം. റിപ്പബ്ലിക് ദിനം മുതല്‍ 31 വരെ ഇടവേളയാണ്. ഫെബ്രുവരി 6 മുതല്‍ 8 വരെ ബജറ്റിന്മേലുള്ള പൊതുചര്‍ച്ച നടക്കും. 13 മുതല്‍ രണ്ടാഴ്ച സബ്ജക്ട് കമ്മിറ്റികള്‍ ധനാഭ്യര്‍ഥനകളുടെ സൂക്ഷ്മപരിശോധന നടത്തും. ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 22 വരെ 2023- 24 വര്‍ഷത്തെ ധനാഭ്യര്‍ഥനകള്‍ ചര്‍ച്ചചെയ്ത് പാസാക്കുന്നതിനായി സമ്മേളനം നീക്കിവച്ചിട്ടുണ്ട്. ബജറ്റിനെക്കുറിച്ചുള്ള രണ്ട് ധനവിനിയോഗബില്ലുകള്‍ ഈ സമ്മേളനത്തില്‍ പാസാക്കേണ്ടതുണ്ട്. മാര്‍ച്ച് 30 വരെയാണ് സമ്മേളന കാലയളവ്.

Tags:    

Similar News