കൊവിഡ് ചികിത്സയ്ക്ക് അമിത ചാര്‍ജ് ഈടാക്കി; മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലിലൂടെ സ്വകാര്യ ആശുപത്രിക്ക് ബില്ലിന്റെ പത്ത് മടങ്ങ് തുക പിഴ
കൊവിഡ് സെല്ലില്‍നിന്നും റഫര്‍ ചെയ്ത രോഗിയില്‍ നിന്നും നിയമവിരുദ്ധമായി 1,42,708 രൂപ ഈടാക്കിയതായാണ് പരാതി
തിരുവനന്തപുരം: കൊവിഡ് ചികിത്സയ്ക്ക് അമിത ചാര്‍ജ് ഈടാക്കിയ സ്വകാര്യ ആശുപത്രിക്ക് ബില്ലിന്റെ പത്ത് മടങ്ങ് തുക പിഴ ചുമത്തി ജില്ലാ മെഡിക്കല്‍ ഓഫിസര്‍.വട്ടിയൂര്‍ക്കാവ് മണ്ണറക്കോണം സ്വദേശി ആനന്ദ് മനുഷ്യാവകാശ കമ്മീഷനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പോത്തന്‍കോട് ശുശ്രുത ആശുപത്രിയ്‌ക്കെതിരെയാണ് ജില്ലാ ഓഫിസറുടെ നടപടിയുണ്ടായിരിക്കുന്നത്.കൊവിഡ് സെല്ലില്‍നിന്നും റഫര്‍ ചെയ്ത രോഗിയില്‍ നിന്നും നിയമവിരുദ്ധമായി 1,42,708 രൂപ ഈടാക്കിയതായാണ് പരാതി. നിയമ നടപടി സ്വീകരിക്കാതിരിക്കാന്‍ മതിയായ കാരണമുണ്ടെങ്കില്‍ 15 ദിവസത്തിനകം അറിയിക്കാന്‍ ആശുപത്രിക്ക് നോട്ടിസ് നല്‍കിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. ജില്ലാ കളക്ടറേറ്റില്‍ നിന്നും റഫര്‍ ചെയ്യുന്ന രോഗിയില്‍ നിന്നും എംപാനല്‍ഡ് ആശുപത്രികള്‍ ചികിത്സാചെലവ് ഈടാക്കാന്‍ പാടില്ലെന്നാണ് വ്യവസ്ഥ. എന്നാല്‍ 6 ദിവസത്തെ ചികിത്സക്ക് പോത്തന്‍കോട് ശുശ്രുത ആശുപത്രി 1,42 708 രൂപ ഈടാക്കി.
വട്ടിയൂര്‍ക്കാവ് മണ്ണറക്കോണം സ്വദേശി ബി എച്ച് ഭുവനേന്ദ്രനെയാണ് 2021 മേയ് 12 മുതല്‍ 6 ദിവസം ചികിത്സിച്ചത്. മകന്‍ ആനന്ദാണ് കമ്മിഷനില്‍ പരാതി നല്‍കിയത്. 142708 രൂപയില്‍ 58695 രൂപ ഇന്‍ഷുറന്‍സില്‍ നിന്നും ഈടാക്കി. 84013 രൂപ രോഗിയില്‍ നിന്നും ഈടാക്കി. ആശുപത്രിയെ എംപാനല്‍ ചെയ്യാന്‍ മെയ് 14 നാണ് തങ്ങള്‍ അപേക്ഷ നല്‍കിയതെന്നും മേയ് 21 ന് മാത്രമാണ് എംപാനല്‍ ചെയ്ത് കിട്ടിയതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.എംപാനല്‍ ചെയ്ത് കിട്ടുന്നതിന് മുമ്പ് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം പ്രവേശിക്കപ്പെട്ട രോഗിക്ക് ചികിത്സാ സൗജന്യം നല്‍കാനാവില്ലെന്നാണ് ആശുപത്രി നിലപാടെടുത്തത്.